ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയുടെ ഭാഗമായി ബെഗുസരായിൽ ഒരുക്കിയ ഹെലിപാഡിൽ അരങ്ങേറിയത് അപ്രതീക്ഷിതവും പരിഭ്രാന്തിയുണ്ടാക്കുന്നതുമായ രംഗങ്ങളായിരുന്നു.
അദ്ദേഹത്തിന്റെ 'സമൃദ്ധി യാത്ര'യുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ബെഗുസരായും ഷെയ്ഖ്പുരയും സന്ദർശിച്ച് വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഈ നാടകീയ സംഭവങ്ങൾ ഉണ്ടായത്.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുന്നതിനായി മുളകൾ കൊണ്ട് ബാരിക്കേഡുകൾ തീർത്ത് സുരക്ഷാ ഉദ്യോഗസ്ഥർ നിയന്ത്രിച്ചിരുന്ന അതീവ സുരക്ഷാ മേഖലയിലേക്കാണ് ഒരു തെരുവ് കാള അപ്രതീക്ഷിതമായി പാഞ്ഞുകയറിയത്.
ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും നിലയുറപ്പിച്ചിരുന്ന സ്ഥലത്ത് സുരക്ഷാ വലയങ്ങൾ ഭേദിച്ച് കാള എത്തിയത് അവിടെയുണ്ടായിരുന്നവരെ അമ്പരപ്പിച്ചു. ഹെലിപാഡിനുള്ളിലൂടെ പരക്കം പാഞ്ഞ കാളയെ പുറത്താക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.
പ്രകോപിതനായ കാള അവിടെയുണ്ടായിരുന്ന ഒരു പോലീസുകാരനെ ലക്ഷ്യമിട്ട് പാഞ്ഞടുക്കുകയും അദ്ദേഹം ജീവനുംകൊണ്ട് ഓടുകയും ചെയ്തു. ഇതോടെ ഹെലിപാഡിലുണ്ടായിരുന്ന മറ്റു സുരക്ഷാ ജീവനക്കാരും പരിഭ്രാന്തരായി പലദിശകളിലേക്ക് ചിതറിയോടുകയായിരുന്നു.
കുറച്ചുനേരത്തേക്ക് ഹെലിപാഡിന് സമീപം ഒരു യുദ്ധക്കളത്തിന് സമാനമായ രീതിയിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടത്തിന് സാക്ഷ്യം വഹിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകൻ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചതോടെ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.
പോലീസുകാരുടെ ഫിറ്റ്നസ് പരിശോധിക്കാൻ എത്തിയ വിഐപിയാണ് ഈ കാളയെന്നും, പോലീസുകാർ ഇത്ര വേഗത്തിൽ ഓടുന്നത് ആദ്യമായാണ് കാണുന്നതെന്നുമുള്ള പരിഹാസരൂപേണയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
ആർക്കും പരിക്കേറ്റില്ല എന്നത് ആശ്വാസകരമാണെങ്കിലും, ഒരു മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സീൽ ചെയ്ത അതീവ സുരക്ഷാ മേഖലയിൽ ഇത്തരമൊരു വീഴ്ച ഉണ്ടായത് ഭരണകൂടത്തിന് വലിയ നാണക്കേടായിട്ടുണ്ട്.
നിലവിൽ കാളയെ സുരക്ഷിതമായി അവിടെ നിന്നും മാറ്റിയെങ്കിലും സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകളെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.
बिहार –
— Sachin Gupta (@SachinGuptaUP) March 14, 2026
बेगूसराय में जहां CM नीतीश कुमार का हेलीकॉप्टर थोड़ी देर बाद उतरने वाला है, वहां बैल घुस आया। पुलिसकर्मियों ने भागकर जान बचाई। pic.twitter.com/EDQ3qicxKp
Tags : BiharNews NitishKumar ViralVideo Begusarai SamriddhiYatra