ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന VryfID എന്ന സ്റ്റാർട്ടപ്പ് കമ്പനിയിൽ നിന്നുള്ള സമ്മർ ഇന്റേൺഷിപ്പ് ഓഫർ നിരസിച്ചുകൊണ്ട് കോർണൽ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർഥി അയച്ച ജൂതവിരുദ്ധ സന്ദേശം ഇന്റർനെറ്റിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
ജൂത സഹോദരന്മാരായ ഗേബ് ഐൻഹോണും എയ്ഡൻ ഐൻഹോണും ചേർന്ന് നടത്തുന്ന ഈ കമ്പനിയിലേക്ക് ജോലിക്ക് അപേക്ഷിച്ച 19 കാരനായ വിദ്യാർഥിയാണ് വംശീയ അധിക്ഷേപം നടത്തിയത്.
ഹാൻഡ്ഷേക്ക് എന്ന തൊഴിൽ പ്ലാറ്റ്ഫോം വഴി വിദ്യാർഥി അയച്ച മറുപടിയുടെ സ്ക്രീൻഷോട്ട് ഗേബ് ഐൻഹോൺ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തനിക്ക് ഒരു ജൂതന് കീഴിൽ ജോലി ചെയ്യാൻ താല്പര്യമില്ലെന്നായിരുന്നു വിദ്യാർഥിയുടെ മറുപടി.
അപേക്ഷ സ്വീകരിച്ച ശേഷമുള്ള ഈ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും സോഷ്യൽ മീഡിയയിൽ നിന്നും ക്യാമ്പസുകളിൽ നിന്നും ലഭിക്കുന്ന തെറ്റായ അറിവുകളാകാം ഇത്തരം ചിന്താഗതിക്ക് പിന്നിലെന്നും ഗേബ് കുറിച്ചു.
ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ശ്രദ്ധ നേടുകയും പ്രമുഖ ടെക് വ്യവസായിയായ പാലാന്റിർ സഹസ്ഥാപകൻ ജോ ലോൺസ്ഡേൽ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.
ഇത്തരം വിദ്വേഷം കാണിക്കുന്നവർക്ക് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകണമെന്നും വിദ്യാർഥിയുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും ലോൺസ്ഡേൽ ഗേബിനോട് ആവശ്യപ്പെട്ടു.
ആദ്യം മടിച്ചുനിന്നുവെങ്കിലും, ഇത്തരം വിദ്വേഷ പ്രചാരകർക്ക് നിയമനടപടികളോ മറ്റ് പ്രത്യാഘാതങ്ങളോ നേരിടേണ്ടി വരില്ലെന്ന ധൈര്യമാണ് അജ്ഞാതരായിരുന്ന് അധിക്ഷേപങ്ങൾ നടത്താൻ ആളുകൾക്ക് പ്രേരണ നൽകുന്നതെന്ന യാഥാർഥ്യം ഉൾക്കൊണ്ട് ഗേബ് പിന്നീട് ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വിദ്യാർഥിയുടെ പേര് വെളിപ്പെടുത്തി.
തന്റെ ജീവിതത്തിൽ ഇത്രയും നേരിട്ടുള്ള വംശീയ അധിക്ഷേപം ആദ്യമായാണ് നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം വിവാദമായതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട കോർണൽ യൂണിവേഴ്സിറ്റി അധികൃതർ, എല്ലാത്തരം വിദ്വേഷ പ്രചാരണങ്ങളെയും ജൂതവിരുദ്ധതയെയും തങ്ങൾ ശക്തമായി അപലപിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചു.
Tags : CornellUniversity SocialMediaDebate Antisemitism TechNews InternshipControversy