ടി.പി. ചന്ദ്രശേഖരൻ വധക്കേസ് ; പ്രതികളുടെ ശിക്ഷ കൂട്ടി
Wednesday, February 28, 2024 2:58 AM IST
കൊച്ചി: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പ്രതികള്‍ക്ക് ഇളവ് അനുവദിക്കാതെ തുടര്‍ച്ചയായി 20 വര്‍ഷം തടവുശിക്ഷ വിധിച്ച് ഹൈക്കോടതി.
ഇതില്‍ ആറ് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമായി ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് കൗസര്‍ എടപ്പകത്ത് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വര്‍ധിപ്പിച്ചു. ഹൈക്കോടതി കുറ്റക്കാരായി കണ്ടെത്തിയ പത്തും പന്ത്രണ്ടും പ്രതികളായ കെ.കെ. കൃഷ്ണന്, ജ്യോതിബാബു എന്നിവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു.
ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ. ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയത്. ഈ ആറു പേര്‍ക്കു പുറമേ ആറാം പ്രതി അണ്ണന് സിജിത്, എട്ടാം പ്രതി കെ.സി. രാമചന്ദ്രന്, 11-ാം പ്രതി ട്രൗസര്‍ മനോജന് എന്നിവര്‍ക്കും 20 വര്‍ഷത്തിനിടെ ഇളവ് അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.
18-ാം പ്രതി പി.വി. റഫീഖിന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ നിലനിര്‍ത്തി.
31-ാം പ്രതി ലംബു എന്ന എം.കെ. പ്രദീപനും വിചാരണ ക്കോടതി വിധിച്ച ശിക്ഷയായ മൂന്നു വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. ശിക്ഷ ശരിവച്ചതിനെത്തുടര്‍ന്ന് പ്രദീപന്റെ നിലവിലെ ജാമ്യം റദ്ദാക്കി. നിലവില്‍ ശിക്ഷ അനുഭവിച്ച കാലയളവ് ഒഴിവാക്കി ശേഷിക്കുന്ന കാലത്തേക്കാണ് ഇനി പ്രതികള്‍ ശിക്ഷ അനുഭവിക്കേണ്ടത്.
കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധിയുണ്ടായ 2014 ജനുവരി മുതല്‍ 31-ാം പ്രതി ഒഴികെയുള്ള 11 പ്രതികള്‍ ജയിലിലാണ്. സാധാരണ ജീവപര്യന്തം തടവ് ലഭിച്ചവര്‍ക്ക് 14 വര്‍ഷത്തിനു ശേഷം സര്‍ക്കാരിന് ഇളവനുവദിച്ച് മോചിപ്പിക്കാവുന്നതാണ്.
എന്നാല്‍, ഇവരില്‍ ഒമ്പത് പ്രതികള്‍ക്ക് ഇനി പത്തു വര്‍ഷം പരോള്‍ പോലുമില്ലാതെ ജയിലില്‍ തുടരേണ്ടിവരും. പുതുതായി ശിക്ഷിക്കപ്പെട്ട കെ.കെ. കൃഷ്ണനും ജ്യോതി ബാബുവും ഇപ്പോള്‍ മുതല്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം.
നിയമവിരുദ്ധമായി സംഘംചേരല്‍, ആയുധങ്ങളുമായി കലാപമുണ്ടാക്കല്‍, സ്ഫോടക നിയമം തുടങ്ങിയ മറ്റു കുറ്റങ്ങള്‍ക്ക് കുറഞ്ഞ ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച്, കൊലപാതകക്കുറ്റമടക്കം മറ്റ് കുറ്റകൃത്യങ്ങള്‍ക്കു പുറമേ ഗൂഢാലോചനക്കേസിലും ആറു പേര് പ്രതികളാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു ജീവപര്യന്തം തടവുശിക്ഷകൂടി ഇവര്‍ക്കു വിധിച്ചത്. തടവിനു പുറമേ പ്രതികള്‍ക്കു പിഴശിക്ഷയുമുണ്ട്.
പിഴത്തുകയായ പന്ത്രണ്ടര ലക്ഷം രൂപയില്‍നിന്ന് ഏഴ് ലക്ഷം ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും അപ്പീല്‍ ഹര്ജിക്കാരിയുമായ കെ.കെ. രമയ്ക്കും അഞ്ച് ലക്ഷം മകന് അഭിനന്ദിനും നഷ്ടപരിഹാരമായി നല്‍കാനാണ് നിര്‍ദേശം.
ശിക്ഷാ വിധിക്കുശേഷം, മരണപ്പെട്ട 13-ാം പ്രതി കുഞ്ഞനന്തനുവേണ്ടി ഭാര്യ വി.പി. ശാന്തയാണ് അപ്പീല്‍ നല്‍കിയിരുന്നത്. കുഞ്ഞനന്തന് ചുമത്തിയ പിഴ സംഖ്യ ഇവരില്‍നിന്ന് ഈടാക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.