രജിസ്ട്രാറെ തള്ളി കേരള വിസി
Wednesday, July 9, 2025 7:15 AM IST
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ തള്ളി വിസി. വൈസ് ചാൻസലർക്കുള്ള ഫയലുകൾ നേരിട്ട് അയയ്ക്കാൻ ജോയിന്റ് രജിട്രാർമാർക്ക് വിസി നിർദേശം നല്കി. ബിരുദ വിദ്യാർഥിയുടെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അടിയന്തര സ്വഭാവം ചൂണ്ടിക്കാട്ടിയുള്ള ഫയൽ അക്കാഡമി വിഭാഗത്തിൽനിന്ന് രജിസ്ട്രാർ വഴി വിസി യുടെ അംഗീകാരത്തിനായി അയച്ചത് ഇന്നലെ വിസി മടക്കി അയച്ചു.
തുടർന്ന് ജോയിന്റ് രജിസ്ട്രാർമാരോട് നേരിട്ട് വിസിക്ക് ഫയൽ അയക്കാൻ നിർദേശിച്ചു. അതിൻ പ്രകാരം വിസി സർട്ടിഫിക്കറ്റിന് അംഗീകാരം നൽകി.
രജിസ്ട്രാറെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത് നടപടി സിൻഡിക്കറ്റ് അംഗങ്ങൾ യോഗം ചേർന്ന് തള്ളിക്കളഞ്ഞിരുന്നു. ഇതേ തുടർന്ന് രജിസ്ട്രാർ ഓഫീസിൽ ഹാജരായ ഡോ. അനിൽകുമാർ ഫയലുകൾ കൈകാര്യം ചെയ്യുന്നതിനെ വിസി എതിർത്തിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ അയക്കുന്ന ഒരു ഫയലും അംഗീകരിക്കേണ്ടതില്ലെന്നാണ് വിസി യുടെ നിർദേശം. വരും ദിവസങ്ങളിൽ ഇതു കൂടുതൽ ഭരണ പ്രതിസന്ധിക്ക് ഇടയാക്കും.