മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ തീർഥാടന പദയാത്രകൾക്കു തുടക്കം
Tuesday, July 8, 2025 2:18 AM IST
തിരുവനന്തപുരം: ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നു ള്ള തീർഥാടന പദയാത്രകൾക്ക് തുടക്കമാകുന്നു.
റാന്നി പെരുനാട്ടിൽനിന്ന് ആരംഭിക്കുന്ന പ്രധാന പദയാത്ര വ്യാഴാഴ്ച മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ബിഷപ് സാമുവേൽ മാർ ഐറേനിയോസ്, ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ പങ്കെടുക്കും.
രാവിലെ 6.30ന് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ കുർബാന നടക്കും. തുടർന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം.) സഭാതല സമിതിയും തിരുവനന്തപുരം മേജർ അതിരൂപതാ, പത്തനംതിട്ട രൂപതാ സമിതികളും സംയുക്തമായി നേതൃത്വം നൽകും. വൈകുന്നേരം പത്തനംതിട്ടയിൽ സമാപിക്കുന്ന പദയാത്ര തുടർന്ന് അടൂർ, കൊട്ടാരക്കര, ആയൂർ, പിരപ്പൻകോട് വഴി തിരുവനന്തപുരത്ത് എത്തിച്ചേരും.
മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ജന്മഗൃഹമായ മാവേലിക്കര പുതിയകാവിൽനിന്ന് ആരംഭിക്കുന്ന പദയാത്ര നാളെ രാവിലെ മാവേലിക്കര ബിഷപ് മാത്യൂസ് മാർ പോളികാർപ്പസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പദയാത്ര കറ്റാനം, പഴകുളം, കടന്പനാട്, പുത്തൂർ, കല്ലുവാതുക്കൽ, ആറ്റിങ്ങൽ വഴി 14ന് വൈകുന്നേരം കബറിങ്കൽ എത്തിച്ചേരും.
തിരുവല്ല സെന്റ് ജോണ്സ് കത്തീഡ്രലിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര നാളെ രാവിലെ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ഇന്നലെ മൂവാറ്റുപുഴയിൽനിന്ന് ബിഷപ് യൂഹോനോൻ മാർ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്ത പദയാത്ര ഇന്നു വൈകുന്നേരം തിരുവല്ലയിൽ എത്തിച്ചേരും. ഈ പദയാത്രകൾ 11ന് വൈകുന്നേരം അടൂരിൽ പ്രധാന പദയാത്രയോട് ചേരും.
13ന് മാർത്താണ്ഡത്തുനിന്ന് ആരംഭിക്കുന്ന പദയാത്ര ബിഷപ് വിൻസെന്റ് മാർ പൗലോസും പാറശാലയിൽനിന്ന് ആരംഭിക്കുന്ന പദയാത്ര ബിഷപ് തോമസ് മാർ യൗസേബിയോസും ഉദ്ഘാടനം ചെയ്യും. കേരളത്തിന് പുറത്ത് പുത്തൂർ, പൂന, ഒറീസ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് എത്തിച്ചേരുന്ന തീർഥാടകർ 14ന് രാവിലെ പിരപ്പൻകോടുനിന്ന് പ്രധാന പദയാത്രയോടു ചേരും.
ഈ വർഷം ഗൾഫ് മേഖലയിൽ നിന്നുള്ള തീർഥാടകരും പദയാത്രയിൽ പങ്കുചേരും. 14ന് വൈകുന്നേരം അഞ്ചിന് എല്ലാ പദയാത്രകളും പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിൽ എത്തിച്ചേരും. വള്ളിക്കുരിശ് വഹിച്ചും കാഷായവസ്ത്രം ധരിച്ചുമാണ് തീർഥാടകർ പദയാത്രയിൽ അണിചേരുന്നത്.