വിലക്കയറ്റം: കേറ്ററേഴ്സ് അസോസിയേഷന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
Wednesday, July 9, 2025 6:44 AM IST
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള കേറ്ററേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാറ്ററിംഗ് തൊഴിലാളികളും ഉടമകളും ഉള്‍പ്പെടെ നൂറ് കണക്കിനുപേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുതിച്ച് കയറിയിട്ടും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് സതീശന് പറഞ്ഞു.
വിലക്കയറ്റത്തിന് ആനുപാതികമായി പെട്രോളിയം ഉത്പന്നങ്ങള്‍ക്കും ഗ്യാസിനും കാറ്ററിംഗ് മേഖലയില്‍ സബ്സിഡി അനുവദിക്കുക, അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുക, സമഗ്രമായ പഠനം നടത്തി മേഖലയെ വ്യവസായമായി അംഗീകരിക്കുക, കാറ്ററിംഗ് സംരഭത്തെ ഒരു മിനിസ്ട്രിയുടെ കീഴില്‍ കൊണ്ടുവരിക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപയോഗിക്കുന്നതിനു പറ്റിയ ഒരു വേദിയാക്കി ഇതിനെ മാറ്റുക, മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പലിശ ഇളവോടെ വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷന് ഉയര്‍ത്തി.
എംഎല്‍എമാരായ മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെഎച്ച്ആര്‍എ സംസ്ഥാന പ്രസിഡന്റ് പി. ജയപാല്‍, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്, എകെസിഎ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.