രേഖകൾ വിസി പിടിച്ചെടുത്ത് ഗവർണർക്കു നൽകി
സ്വന്തം ലേഖകൻ
Wednesday, July 9, 2025 7:15 AM IST
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട സിൻഡിക്കറ്റ് യോഗത്തിന്റെ മിനിറ്റ്സ് അടക്കമുള്ള രേഖകൾ വൈസ് ചാൻസലർ പിടിച്ചെടുത്തു ചാൻസലർ കൂടിയായ ഗവർണർക്കു സമർപ്പിച്ചു.
രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി സമാന്തര യോഗത്തിൽ റദ്ദാക്കിയതിന്റെ രേഖകളാണ് അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിൽ നിന്നു പിടിച്ചെടുത്ത് ഗവർണർ ആർ.വി. ആർലേക്കറിനു കൈമാറിയത്. നേരത്തെ ഇതു സംബന്ധിച്ച രേഖകൾ ചോദിച്ചപ്പോൾ നൽകാത്ത സാഹചര്യത്തിലാണു നടപടി.
സിൻഡിക്കറ്റ് അംഗം ഡോ. പി.എം. രാധാമണിയുടെ അധ്യക്ഷതയിൽ ചേർന്ന സമാന്തരയോഗത്തിലാണ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കാൻ തീരുമാനിച്ചത്. ഇതോടൊപ്പം അനിൽകുമാറിന് ചുമതലയേൽക്കാൻ ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാർ ഇറക്കിയ ഉത്തരവും താൻ സിൻഡിക്കറ്റ് യോഗം പിരിച്ചുവിട്ടതിന്റെ യഥാർഥ മിനുറ്റ്സും വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന സിസാതോമസ് ഗവർണർക്ക് കൈമാറി.
രേഖകൾ ലഭിച്ച സാഹചര്യത്തിൽ രജിസ്ട്രാർ കെ.എസ്.അനിൽകുമാറിനെ പുറത്താക്കാൻ ഗവർണർ നടപടി ആരംഭിച്ചതായും സൂചനയുണ്ട്. ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ നടത്തിയത് നിയമസാധുതയില്ലാത്ത യോഗമാണെന്ന് വിലയിരുത്തിയാകും സമാന്തരയോഗവും അതിലെ തീരുമാനങ്ങളും ഗവർണർ റദ്ദാക്കുക.