നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസവും ആദരവും കാത്തുസൂക്ഷിക്കപ്പെടണം: ഉപരാഷ്ട്രപതി
Tuesday, July 8, 2025 2:18 AM IST
കളമശേരി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസവും ആദരവും കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. കളമശേരി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
നീതിന്യായ സംവിധാനങ്ങളുടെ സ്വതന്ത്രമായ നിലനില്‍പ്പ് കാലത്തിന്റെ ആവശ്യമാണ്. അതോടൊപ്പം ഈ വ്യവസ്ഥിതിയിലുള്ള പ്രശ്നങ്ങളെ ചോദ്യം ചെയ്യുന്നതിനും നേരിടുന്നതിനുമുള്ള ആര്ജ്വവും നമുക്കുണ്ടാകണം.
ഷേക്സ്പിയറിന്റെ ജൂലിയസ് സീസറില്‍ പറയുന്നതുപോലെയുള്ള ഒരു ഐഡ്സ് ഓഫ് മാര്‍ച്ചിന് സമാനമായ സംഭവം നമ്മുടെ രാജ്യത്തെ നീതിന്യായ മേഖലയിലും ഉണ്ടായി. കഴിഞ്ഞ മാര്‍ച്ച് 15 ന് അതിരാവിലെ ഒരു ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. എന്നാല്‍ ഇതുവരെ ഒരു എഫ്ഐആറും ഈ കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സര്‍ക്കാരിനാകട്ടെ ഇതില്‍ ഇടപെടുന്നതില്‍ നിയമപരമായി പരിമിതികളുണ്ട്. ന്യായാധിപരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്.
എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നു. നിലവില്‍ രാജ്യത്തെ നിയമസംവിധാനങ്ങളിലെ സുതാര്യതയും ഉത്തരവാദിത്വ സ്വഭാവവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്- ഉപരാഷ്ട്രപതി പറഞ്ഞു.
നുവാല്‍സ് കാമ്പസില്‍ ഉപരാഷ്ട്രപതിയും ഭാര്യ ഡോ. സുധേഷ് ധന്‍കറും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു. ചടങ്ങില്‍ മന്ത്രി പി. രാജീവ്, നുവാല്‍സ് വൈസ് ചാന്‍സലര്‍ പ്രഫ. ജി.ബി. റെഡ്ഢി തുടങ്ങിയവര്‍ പങ്കെടുത്തു.