ഭൂമി വ്യാജരേഖ ചമച്ച് കൈക്കലാക്കിയെന്ന കേസ്: റവന്യുസെക്രട്ടറിയും കളക്ടറും പ്രതിപ്പട്ടികയിൽ
Tuesday, July 8, 2025 2:18 AM IST
കൊച്ചി: വ്യാജരേഖ ചമച്ച് വരാപ്പുഴ അതിരൂപതയുടെ 67 സെന്റ് സ്ഥലം കൈക്കലാക്കിയെന്ന പരാതിയില്‍ ഏലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അതിരൂപത പ്രൊക്യുറേറ്റര്‍ കളമശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നിർദേശപ്രകാരം ഈ മാസം രണ്ടിനു രജിസ്റ്റര്‍ ചെയ്ത കേസിലാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. 2011 കാലഘട്ടത്തില്‍ ഉണ്ടായിരുന്ന റവന്യു സെക്രട്ടറിയും എറണാകുളം കളക്ടറും അടക്കം 19 പേരെ പ്രതിചേര്‍ത്താണു പോലീസ് കേസെടുത്തത്.
തൃപ്പൂണിത്തുറ ലാന്‍ഡ് റവന്യു സ്പെഷല്‍ തഹസില്‍ദാരാണു കേസിലെ ഒന്നാം പ്രതി. റവന്യു സെക്രട്ടറി 11-ാം പ്രതിയും ജില്ലാകളക്ടർ 14-ാം പ്രതിയുമാണ്. രജിസ്ട്രേഷന് വകുപ്പിലെ ഇന്‍സ്പെക്ടര്‍ ജനറല്‍, റവന്യു വകുപ്പ് കമ്മീഷണര്‍, ലാന്‍ഡ് റവന്യു ഡെപ്യൂട്ടി കളക്ടര്‍, ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ, പറവൂര്‍ തഹസില്‍ദാര്‍, ഏലൂര്‍ വില്ലേജ് ഓഫീസര്‍, ആലങ്ങാട് സബ് രജിസ്ട്രാര്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
രണ്ടാം പ്രതിയായ മഞ്ഞുമ്മല്‍ സ്വദേശിയും ഏഴാം പ്രതിയായ പന്തളം സ്വദേശിയും വ്യാജരേഖകള്‍ ചമച്ച് 2011ല്‍ അതിരൂപതയുടെ ഏലൂരിലുള്ള സ്ഥലം സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തെടുത്തെന്നും തുടര്‍ന്ന് ഇതു മറ്റ് ഏഴുപേര്‍ക്ക് വില്പന നടത്തിയെന്നുമാണ് കേസ്.
പറവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഈ സ്ഥലം രജിസ്റ്റര്‍ ചെയ്തത്. പൊതുജന സേവകരായ ഉദ്യോഗസ്ഥര്‍ കുറ്റത്തിനു സഹായികളായി നിന്നുവെന്നും ഇതിലൂടെ വരാപ്പുഴ അതിരൂപതയ്ക്ക് ഭൂമി നഷ്ടമായെന്നും എഫ്ഐആറില്‍ പറയുന്നു.
സ്ഥലത്തിനു വാക്കാല്‍ പട്ടയം ലഭിച്ചുവെന്ന് ധരിപ്പിച്ചാണു രജിസ്ട്രേഷന് നടന്നിട്ടുള്ളതെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം.