പോലീസ് കണ്ണടച്ചു; സർവകലാശാല കൈയടക്കി എസ്എഫ്ഐ
Wednesday, July 9, 2025 7:15 AM IST
തിരുവനന്തപുരം: പോലീസ് നോക്കിനിൽക്കേ സർവകലാശാല ആസ്ഥാനം കൈയടക്കി എസ്എഫ്ഐ നടത്തിയ പ്രതിഷേധ സമരത്തിനിടെ സംഘർഷം.
കേരള സർവകലാശാല രജിസ്ട്രാർക്കെതിരായ ഗവർണറുടെയും വിസിയുടെയും നടപടി ചോദ്യം ചെയ്ത് നടത്തിയ സമരത്തിൽ രണ്ടു മണിക്കൂറിലേറെ സർവകലാശാല ആസ്ഥാനം സ്തംഭിച്ചു. സെനറ്റ് ഹാളിലേക്കും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കും പ്രതിഷേധവുമായി ഇരച്ചുകയറിയ പ്രവർത്തകരെ മണിക്കൂറുകൾക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്ത് നീക്കയതോടെയാണ് സംഘർഷാന്തരീഷം അവസാനിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ നിന്നു എസ്എഫ്ഐ പ്രവർത്തകർ പ്രകടനമായി കേരള സർവകലാശാലാ ആസ്ഥാനത്തെത്തിയത്. പ്രവർത്തകരെ പോലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് പ്രവർത്തകർക്കുനേരേ രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ആസ്ഥാനത്തിന്റെ ഗേറ്റ് കല്ലു കൊണ്ട് തകർക്കാൻ ശ്രമിച്ചെങ്കിലും ഇതിനു കഴിയാത്തതിനെ തുടർന്ന് പോലീസ് നോക്കിനിൽക്കേ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്തേക്കു കയറി.
മുകളിലത്തെ നിലയിൽ വിസിയുടെ ചേംബറിന്റെ അടുത്തുവരെ പ്രവർത്തകരെത്തിയെങ്കിലും ഗ്രില്ല് പൂട്ടിയിരുന്നതിനാൽ അകത്തുകടക്കാനായില്ല. സംഘർഷം നടക്കുന്ന സമയത്ത് സർവകലാശാലയുടെ ചുമതലയുള്ള വിസി ഡോ. സിസാ തോമസ് സ്ഥലത്തുണ്ടായിരുന്നില്ല. വിസി കഴിഞ്ഞ ദിവസം നിയോഗിച്ച രജിസ്ട്രാർ ഡോ. മിനി കാപ്പൻ സ്ഥലത്തുണ്ടായിരുന്നെങ്കിലും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
ഇതിനിടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥലത്തെത്തി വിദ്യാർഥി നേതാക്കളെയും പ്രവർത്തകരെയും കണ്ടു സംസാരിച്ചു. ഗവർണർക്കും വിസിക്കുമെതിരായ സമരം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. ശിവപ്രസാദ് പറഞ്ഞു. നാളെ സർവകലാശാലാ ആസ്ഥാനത്തേക്കും രാജ്ഭവനിലേക്കും മാർച്ച് നടത്തുമെന്നാണ് എസ്എഫ്ഐ വ്യക്തമാക്കിയിട്ടുള്ളത്.