കപ്പലപകടം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ
Tuesday, July 8, 2025 2:24 AM IST
കൊച്ചി: കടലിൽ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലില്‍നിന്നു പരിസ്ഥിതിക്കടക്കം 9531 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഇതേത്തുടർന്ന് എംഎസ്സി കമ്പനിയുടെ ‘എംഎസ്സി അകിറ്റേറ്റ 2’ കപ്പല്‍ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്തിടാന്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് എം.എ. അബ്ദുള്‍ ഹക്കീം ഉത്തരവിട്ടു.
സര്‍ക്കാരിന്റെ മാരിടൈം ക്ലെയിമിന് സെക്യൂരിറ്റിയായി വിഴിഞ്ഞം തുറമുഖത്തുള്ള ‘അകിറ്റേറ്റ’ കപ്പലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടാണു പരിസ്ഥിതി സ്പെഷല്‍ സെക്രട്ടറി ഹര്‍ജി നല്‍കിയത്.
മേയ് 25ന് എല്‍സ3 മുങ്ങിയതിനെത്തുടര്‍ന്ന് പരിസ്ഥിതി, ആവാസ മേഖലയിലും സാമ്പത്തിക മേഖലയിലും വന്‍ നഷ്ടമുണ്ടായി. 643 കണ്ടെയ്നറുകളുമായാണു കപ്പല്‍ മുങ്ങിയത്. പ്ലാസ്റ്റിക് നര്‍ഡില്‍സ് ഉള്‍പ്പെടെ ഒഴുകിപ്പരന്നതായും ഹർജിയിൽ പറയുന്നു. ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ ആറു ശതമാനം പലിശസഹിതം ഇടക്കാല സഹായം അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
59.6 ടണ്‍ പ്ലാസ്റ്റിക് തരികള്‍ നീക്കി
കപ്പലില്‍നിന്നു വീണ 61 കണ്ടെയ്നറുകള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ തീരത്തടിഞ്ഞു. 59.6 ടണ്‍ പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്തു. മറൈന്‍ എമര്‍ജന്‍സി റസ്പോണ്‍സ് സെന്ററിന്റെ മേല്‍നോട്ടത്തില്‍ 600 ഉദ്യോഗസ്ഥരും 300 വോളണ്ടിയര്‍മാരും യന്ത്രസഹായത്തോടെയും അല്ലാതെയും ശുചീകരണം നടത്തുന്നുണ്ട്.
പരിസ്ഥിതിനാശം 8,626.12 കോടിയുടേത്
സര്‍ക്കാര്‍ നിയമിച്ച പ്രിന്‍സിപ്പല്‍ ഇംപാക്ട് അസസ്മെന്റ് ഓഫീസറുടെ കണക്കനുസരിച്ച് മലിനീകരണം മൂലമുള്ള പരിസ്ഥിതിനാശം 8,626.12 കോടിയും പരിസ്ഥിതി പുനര്‍നിര്‍മാണ ചെലവ് 526.51 കോടിയും മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക നഷ്ടം 526.51 കോടിയുമാണ്.
ക്ലെയിമുകള്‍ മറികടക്കാനുള്ള ലക്ഷ്യത്തോടെ എംഎസ്സിയുടെ കപ്പലുകളുടെ രജിസ്ട്രേഷന് വിവിധ ഉപകമ്പനികളുടെ പേരിലാണെങ്കിലും പ്രവര്‍ത്തന നിയന്ത്രണവും വിലാസവും എംഎസ്സി കമ്പനിയുടേതാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹര്‍ജിയില്‍ പത്തിന് വീണ്ടും വാദം കേള്‍ക്കും. പരിസ്ഥിതിനാശം, മത്സ്യത്തൊഴിലാളികളുടെ ഉപജീവനനഷ്ടം, കണ്ടെയ്നറുകളില്‍നിന്നും മറ്റും മാലിന്യം നീക്കാന്‍ വേണ്ട ചെലവ് എന്നിങ്ങനെയാണ് സര്‍ക്കാര്‍ ക്ലെയിം തുക കണക്കാക്കിയത്.