മാർ അപ്രേമിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; സംസ്കാരം നാളെ
Wednesday, July 9, 2025 6:44 AM IST
തൃശൂർ: കാലംചെയ്ത പൗരസ്ത്യ അസീറിയന്‍ സഭയുടെ മെത്രാപ്പോലീത്ത മാർ അപ്രേമിന് അന്ത്യാഞ്ജലിയർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ള പ്രമുഖരും വിശ്വാസികളുമെത്തി. അനുശോചനത്തിന്റെ ദുഃഖപുഷ്പങ്ങളുമായി ഏറെനേരം കാത്തുനിന്നാണ് വിശ്വാസികൾ തങ്ങളുടെ ആത്മീയഗുരുവിനെ കണ്ട് യാത്രാമൊഴിചൊല്ലിയത്.
നർമത്തിൽ പൊതിഞ്ഞ സംസാരശൈലിയും ആരെയും ആകർഷിക്കുന്ന പെരുമാറ്റവും പൊതുകാര്യങ്ങളിലും മറ്റുമുള്ള അറിവും ഉൾപ്പെടെ, സർവമേഖലയിലും തന്റേതായ ഇടംകണ്ടെത്തിയ പിതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ഏറെപ്പേരെത്തിയിരുന്നു. ഭൗതികദേഹം മാർത്ത്മറിയം വലിയപള്ളിയിലാണ് പൊതുദർശനത്തിനു വച്ചിരിക്കുന്നത്. പൊതുദർശനം ഇന്നും തുടരും.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ആത്മീയരംഗത്തെ പ്രമുഖർ മാർ അപ്രേമിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
നാളെയാണ് സംസ്കാരചടങ്ങുകൾ. നാളെ രാവിലെ ഏഴിനു കുർബാന, പത്തിനു ശുശ്രൂഷ, 11ന് നഗരി കാണിക്കൽ, ഒരുമണിക്ക് കുരുവിളയച്ചൻ പള്ളിയിൽ സംസ്കാര ശുശ്രൂഷ എന്നിവ നടക്കും. സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിൽനിന്നും മറ്റു സിനഡുകളിൽനിന്നുമുള്ള പ്രതിനിധികൾ എത്തുന്നുണ്ട്.