നവജാതശിശുക്കളുടെ കൊലപാതകം; അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യുട്യൂബ് നോക്കി!
Tuesday, July 1, 2025 2:52 AM IST
പുതുക്കാട് (തൃശൂർ): രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മ അനീഷ ശുചിമുറിയിൽ പ്രസവിച്ചതു യൂട്യൂബ് നോക്കിയാണെന്നു മൊഴി. ലാബ് ടെക്നീഷൻ കോഴ്സ് പഠിച്ചതും പ്രതിക്കു സഹായകമായെന്നു പോലീസ് വെളിപ്പെടുത്തി. വീട്ടിലെ ശുചിമുറിയിലാണ് ആദ്യത്തെ പ്രസവം നടന്നത്.
2021-ലായിരുന്നു അനീഷയുടെ ആദ്യത്തെ പ്രസവം. വയറിൽ തുണികെട്ടിവച്ച് ഗർഭാവസ്ഥ മറച്ചുവച്ചു. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. ആദ്യകുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാൽ അയൽവാസി ഗിരിജ ഇതു കണ്ടതിനാൽ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിൻചുവട്ടിൽ കുഴിച്ചിട്ടു.
ബക്കറ്റിൽ കൊണ്ടുവന്നു വീടിനു പിന്നിൽ കുഴിച്ചിട്ടെന്നാണ് അനീഷ പോലീസിനോടു പറഞ്ഞത്. കുഴിവെട്ടാൻ ഉപയോഗിച്ച തൂമ്പ പോലീസിനു കാണിച്ചുകൊടുത്തു. രണ്ടാമത്തെ തെളിവെടുപ്പിലാണ് അനീഷ ഇക്കാര്യം വിവരിച്ചത്.
ജനിച്ച കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയതിനാല്‍ ജനിക്കുമ്പോഴേ മരിച്ചെന്നും തുടര്‍ന്ന് വീടിനുസമീപം പറമ്പില്‍ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടെന്നുമാണ് അനീഷ തന്നോടു പറഞ്ഞതെന്നു സുഹൃത്ത് ഭവിന് മൊഴിനല്‍കി. കുഞ്ഞിന്റെ മരണാനന്തരച്ചടങ്ങ് നടത്തുന്നതിനായി അസ്ഥികള്‍ എടുത്തുവയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെന്നും അപ്രകാരമാണ് അസ്ഥി എടുത്തുസൂക്ഷിച്ചതെന്നും ഇയാള്‍ പറയുന്നു.
2024-ല്‍ ആയിരുന്നു രണ്ടാമത്തെ പ്രസവം. യുവതിയുടെ വീട്ടിലെ മുറിക്കുള്ളിലാണു പ്രസവം നടന്നത്. തുടര്‍ന്നു കുട്ടിയുടെ ഫോട്ടോ അനീഷ മൊബൈല്‍ ഫോണില്‍ പകര്ത്തിസൂക്ഷിച്ചിരുന്നു.
കുട്ടി കരഞ്ഞതിനെതുടര്‍ന്ന് അയല്‍ക്കാര്‍ അറിയാതിരിക്കാന്‍ വായ് പൊത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു ഭവിന്റെ വീട്ടിലേക്കു മൃതദേഹവുമായി അനീഷ തന്റെ സ്കൂട്ടറില്‍ എത്തി. പിന്നീടു വീടിന്റെ പിന്നിലെ തോട്ടില്‍ മൃതദേഹം കുഴിച്ചിട്ടു. ഇവിടെനിന്ന് ഭവിന് പിന്നീടു കുഴിതോണ്ടിയാണ് അസ്ഥി പുറത്തെടുത്തു സൂക്ഷിച്ചത്.
ആദ്യ കുട്ടിയുടെ അസ്ഥികള്‍ അനീഷതന്നെയാണ് എട്ടു മാസത്തിനുശേഷം ഭവിന് എത്തിച്ചുനല്‍കിയത്. ഭവിന് ഇതു തോട്ടില്വച്ച് കത്തിച്ചുനശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
മാതാപിതാക്കള്‍ക്കു ദോഷം വരാതിരിക്കാന്‍ കര്‍മം ചെയ്യണമെന്നുപറഞ്ഞായിരുന്നു അനീഷയില്‍നിന്ന് ഭവിന് അസ്ഥി വാങ്ങിയത്. എന്നാല്‍, അനീഷ തന്നെ വിട്ടുപോകാതിരിക്കാനുള്ള പിടിവള്ളിയായാണ് ഭവിന് അസ്ഥി സൂക്ഷിച്ചത്.
ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം നാലുവര്‍ഷം മറച്ചുപിടിച്ചെങ്കിലും കഴിഞ്ഞ ആറു മാസമായി ഭവിനും അനീഷയ്ക്കും ഇടയിലുണ്ടായ അസ്വാരസ്യങ്ങളാണ് സംഭവം പുറത്തറിയാന്‍ കാരണമായത്.
അനീഷ തന്നെ ഒഴിവാക്കുമോ എന്ന ചിന്തയ്ക്കൊപ്പം താനറിയാതെ മറ്റൊരു ഫോണ്‍ ഉപയോഗിക്കുന്നു എന്ന വിവരവും ഭവിനില്‍ ആശങ്ക ഉണ്ടാക്കി. ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി വിവരം തുറന്നുപറഞ്ഞത്.