വിദ്യാർഥികളുടെ ഭാവി വച്ചു കളിക്കരുത്: വി.ഡി. സതീശൻ
Wednesday, July 9, 2025 6:44 AM IST
തിരുവനന്തപുരം: വിദ്യാർഥികളുടെ ഭാവിയെ കരുതി രാജ്ഭവനും സർവകലാശാലയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വൈസ് ചാൻസലർക്കു രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരമില്ല. ചാർജുള്ള വിസി യോഗം പിരിച്ചു വിട്ടതിനുശേഷം സിൻഡിക്കറ്റ് രജിസ്ട്രാറെ നിയമിച്ചതും ശരിയായ രീതിയിലല്ല.
മത സംഘടനകൾക്ക് സെനറ്റ് ഹാൾ നൽകാൻ പാടില്ലെന്ന തീരുമാനമുണ്ടെന്നാണ് വിവരം. എന്നിട്ടും എങ്ങനെയാണ് മതസംഘടനയ്ക്ക് ഹാൾ അനുവദിച്ചത്. അങ്ങോട്ടും ഇങ്ങോട്ടും വേണ്ടാത്ത പരിപാടികൾ ചെയ്തിട്ടുണ്ട്.
ഇതൊക്കെ അടിയന്തരമായി അവസാനിപ്പിക്കണം. രാജ്ഭവനെ രാഷ്ട്രീയ, മത പ്രചരണങ്ങൾക്കുള്ള വേദിയാക്കി മാറ്റരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. എന്നാൽ ഇക്കാര്യത്തിൽ ശക്തിയായി പ്രതികരിക്കാൻ അന്ന് സർക്കാരോ മുഖ്യമന്ത്രിയോ തയാറായില്ല.
ആരോഗ്യമേഖലയിൽ ഒരു യോഗം വിളിക്കാൻ പോലും സാധിക്കുന്നില്ല. എല്ലാം അടിച്ചേൽപ്പിക്കുകയാണ്. കാരുണ്യ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും ജെഎസ്എസ്കെയും ഉൾപ്പെടെ എല്ലാ നിലച്ചു. 1800 കോടിയാണ് കാരുണ്യ പദ്ധതിക്ക് കുടിശിക. മുഖ്യമന്ത്രി അമേരിക്കയിൽനിന്നു തിരിച്ചു വന്നശേഷം അദ്ദേഹം ഒരു സ്ഥലവും സമയവും നിശ്ചയിച്ചാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ആരോഗ്യ മേഖലയെ കുറിച്ചുള്ള സംവാദത്തിന് തയാറാണ്. മുഖ്യമന്ത്രി ആ അബദ്ധം കാട്ടില്ലെന്ന് അറിയാം.
ചാരവൃത്തിക്ക് അറസ്റ്റിലായ വ്ളോഗറെ കൊണ്ടുവന്ന് പ്രമോഷൻ നടത്തിയതിൽ സർക്കാരിനെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹംപറഞ്ഞു.