എം.എം. വർഗീസ് വീണ്ടും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി
Sunday, January 23, 2022 1:30 AM IST
തൃശൂർ: സിപിഎം ജില്ലാ സമ്മേളനം സമാപിച്ചു. മൂന്നുദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചിരുന്ന സമ്മേളനം കോടതിയിടപെടലും കോവിഡ് മാനദണ്ഡം ലംഘിക്കുന്നുവെന്ന ആരോപണവും ഉയർന്നതോടെയാണ് രണ്ടുദിവസം കൊണ്ട് അവസാനിപ്പിച്ചത്.
ജില്ലാ സെക്രട്ടറിയായി എം.എം. വർഗീസിനെ വീണ്ടും തെരഞ്ഞെടുത്തു. ഇതു രണ്ടാം തവണയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 15 വർഷം മുമ്പ് അച്ചടക്കനടപടി നേരിട്ട് ഏരിയ, ബ്രാഞ്ച് കമ്മിറ്റികളിലേക്ക് തരം താഴ്ത്തപ്പെട്ടിരുന്ന ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് ഏറെ ശ്രദ്ധേയമായി.
44 അംഗ ജില്ലാ കമ്മിറ്റിയിൽ 12 പേർ പുതുമുഖങ്ങളാണ്. ആർഎസ്എസ് പ്രവർത്തകനെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ബാലാജി എം. പാലിശേരിയെ ജില്ലാ കമ്മിറ്റിയിലുൾപ്പെടുത്തി. മുൻ എംഎൽഎ ബാബു എം. പാലിശേരിയെ ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവാക്കി.