വ്യാജ വോട്ട് ചെയ്യുന്നതില്‍ വിദഗ്ധര്‍ സിപിഎം: കെ.സി. വേണുഗോപാല്‍
Saturday, December 2, 2023 2:03 AM IST
കൊച്ചി: വ്യാജവോട്ട് ചെയ്യുന്നതില്‍ വിദഗ്ധര്‍ സിപിഎമ്മാണെന്നും അതിന്റെ രക്ഷാകര്‍ത്താവ് പിണറായി വിജയനാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
കലൂര്‍ എജെ ഹാളില്‍ പുതിയ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിച്ച പ്രസിഡന്റ് തൊട്ടുപിന്നില്‍ നില്ക്കുന്ന പ്രസിഡന്റിനോട് ബഹുമാനപൂര്‍വം സംസാരിക്കുകയും അവരെ ഉള്‍ക്കൊള്ളുകയും വേണം.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും ഒരുമിച്ച് ആവേശകരമായി മത്സരിച്ച പാര്‍ട്ടിയാണിത്. ജയിച്ചപ്പോള്‍ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളിലേക്ക് ശശി തരൂരിനെ നോമിനേറ്റ് ചെയ്യുകയാണ് ഖാര്‍ഗെ ചെയ്തത്. അതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്പിരിറ്റെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റായി ചുമതലയേറ്റെടുത്ത രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ മിനിറ്റ്സ് ഏറ്റുവാങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് തുടങ്ങിയവര്‍ പങ്കെടുത്തു.