സിപിഎം നേതാവിന്റെ കൊലപാതകം; കൊലയ്ക്കു കാരണം പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിലെ പക
Saturday, February 24, 2024 1:45 AM IST
കൊയിലാണ്ടി (കോഴിക്കോട്): കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ സിപിഎം നേതാവിനെ വെട്ടിക്കൊന്ന സംഭവത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്നു പോലീസ്.
പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതടക്കം വിവിധ കാരണങ്ങളാലുള്ള പക മൂലം കൊലപ്പെടുത്തണമെന്നു തീരുമാനിച്ചുറപ്പിച്ചാണു പ്രതി ക്ഷേത്രത്തില്‍ എത്തിയതെന്നും പോലീസ് പറയുന്നു. സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി. സത്യനാഥൻ( 64) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്റെ അയല്‍വാസിയുമായ പുറത്തോൽ അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തിപരമായ വിരോധംകാരണമാണു കൊലപാതകം നടത്തിയതെന്നു പ്രതി പറഞ്ഞതായി കൊയിലാണ്ടി പോലീസ് അറിയിച്ചു. കഴുത്തിലും നെഞ്ചിലും ഏറ്റ ആഴത്തിലുള്ള മുറിവുകാരണം രക്തവാർന്നതാണു മരണകാരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോടു സ്വീകരിച്ച നിലപാടുകളാണു വ്യക്തിവിരോധത്തിനു കാരണമെന്നും കൊല നടത്തിയതു തനിച്ചെന്നും പ്രതി മൊഴി നല്കി. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് ഇയാളെ വിശദമായി ചോദ്യംചെയ്തശേഷമാണു വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ സത്യനാഥൻ പലവട്ടം ചോദ്യംചെയ്തതാണു കൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു. അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥൻ എതിർത്തിരുന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്. ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്. അഭിലാഷ് ലഹരി മാഫിയയിൽ ഉൾപ്പെട്ടയാളാണ് എന്നാണു വിവരം.
ഇയാളുടെയും സംഘത്തിന്റെയും ലഹരി ഉപയോഗം സത്യൻ നിരന്തരം ചോദ്യം ചെയ്തത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.
2015ലാണ് അഭിലാഷിനെ പാർട്ടിയിൽനിന്നു പുറത്താക്കിയത്. പാർട്ടിയിൽനിന്നു പുറത്താക്കിയതിലുള്ള എതിർപ്പും അഭിലാഷിനുണ്ടായിരുന്നു. അതിനുശേഷം പാര്‍ട്ടിയുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി അക്രമസംഭവങ്ങളില്‍ അഭിലാഷ് ഉള്‍പ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തിക്കുകയും തനിക്കുനേരേ അക്രമമുണ്ടായെന്നു കാണിക്കാന്‍ അഭിലാഷ് സ്വയം ബൈക്ക് കത്തിക്കാന്‍ ശ്രമിക്കുകയും വീട്ടിലെ വാഴ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നതായും വിവരമുണ്ട്.
വ്യാഴാഴ്ച രാത്രി പത്തിനു പെരുവെട്ടൂർ ചെറിയപ്പുറം ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടന്നുകൊണ്ടിരിക്കേയാണു കൊലപാതകം അരങ്ങേറിയത്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിന് ഇരുഭാഗത്തും മുറിവേറ്റ സത്യനാഥനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
സംഭവസമയത്ത് സത്യനാഥന്റെ ഭാര്യയും മകനും ഉത്സവപ്പറമ്പിലുണ്ടായിരുന്നു. ഈ സമയത്ത് ഓടിപ്പോയ അഭിലാഷ് പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ നടത്തി.