പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
Tuesday, May 13, 2025 7:16 PM IST
തലശേരി: ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട പ്രദേശത്തെ ആളൊഴിഞ്ഞ പറന്പിൽനിന്നു രണ്ടു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.
പാനൂർ മുളിയാത്തോട് 2024 ഏപ്രിലിൽ ബോംബ് സ്ഫോടനം നടന്ന സ്ഥലത്തിനു സമീപത്തുനിന്നാണു ബോംബുകൾ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്ഥലം ഉടമ യു.പി. അനീഷ് തൊഴിലാളികളുമായി പറമ്പിൽ തേങ്ങ പറിക്കാൻ എത്തിയതായിരുന്നു.
തെങ്ങിന്റെ ചുവട്ടിലായാണു രണ്ടു സ്റ്റീൽബോംബുകൾ കണ്ടത്. ഉടൻതന്നെ പാനൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പാനൂർ എസ്ഐ ടി. സുബാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
2024 ഏപ്രിലിൽ ഇവിടെ നടന്ന സ്ഫോടനത്തിലാണ് ഒരാൾ മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്നലെ കണ്ടെടുത്ത ബോംബുകൾ ഉഗ്രശേഷിയുള്ളതാണോ എന്നതും മറ്റും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് തലശേരി എഎസ്പി പി.ബി. കിരൺ പറഞ്ഞു. നിരന്തരം ബോംബുകൾ കണ്ടെത്തുകയും സ്ഫോടനങ്ങൾ ഉൾപ്പെടെ നടക്കുകയും ചെയ്യുന്നത് ജനങ്ങളെ ഏറെ ആശങ്കയിലാഴ്ത്തുകയാണെന്ന് പ്രദേശവാസിയും സ്ഥലമുടമയുടെ സഹോദരനുമായ യു.പി. ബാബു പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് പോലീസ് പരിശോധനയും കർശനമാക്കിയിരിക്കുകയാണ്.