തദ്ദേശ തെരഞ്ഞെടുപ്പിൽ പരീക്ഷണത്തിനില്ല; ഉദ്യോഗസ്ഥർ പോളിംഗ് സാധനങ്ങൾ നേരിട്ടെത്തിത്തന്നെ ഏറ്റുവാങ്ങണം
Tuesday, May 13, 2025 7:16 PM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഭാരം ലഘൂകരിക്കാൻ ഉപതെരഞ്ഞെടുപ്പുകളിൽ നടത്തിയ പരീക്ഷണം തദ്ദേശ തെരഞ്ഞെടുപ്പിൽ നടപ്പാക്കില്ല. പോളിംഗ് ഉദ്യോഗസ്ഥർ വിതരണകേന്ദ്രങ്ങളിലെത്തി തെരഞ്ഞെടുപ്പു സാമഗ്രികൾ ഏറ്റുവാങ്ങുന്ന പരമ്പരാഗത സമ്പ്രദായം മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തുടരും.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പോളിംഗ് സ്റ്റേഷനുകളിൽ സാധനങ്ങൾ എത്തിച്ചു നൽകി, ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കുന്ന നടപടി കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. എന്നാൽ, ഒട്ടേറെ പോരായ്മകൾ കണ്ടെത്തിയ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് അപ്രായോഗികമാണെന്ന വിലയിരുത്തലുണ്ടായി. വിതരണ കേന്ദ്രത്തിൽ നിന്ന് ഏറെ അകലെയുള്ള പോളിംഗ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് അത്യാവശ്യമായി എത്തിച്ചേരാൻ കഴിയാതെ വന്നാൽ പകരം റിസർവ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് അടക്കം പ്രതിസന്ധി സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഉപതെരഞ്ഞെടുപ്പുകളിൽ ഒരു നിശ്ചിത പ്രദേശത്തേക്കു നിയോഗിക്കുന്ന സെക്ടറൽ ഓഫീസർമാർ ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീൻ അടക്കമുള്ള പോളിംഗ് സാമഗ്രികൾ പോളിംഗ് ബൂത്തുകളിൽ എത്തിക്കുന്നതായിരുന്നു മാറ്റം. പോളിംഗ് ഓഫീസർമാർക്ക് നേരിട്ടു പോളിംഗ് സ്റ്റേഷനുകളിൽ എത്തിയാൽ മതിയായിരുന്നു. വോട്ടെടുപ്പിനു ശേഷം സെക്ടറൽ ഓഫീസർമാർ തെരഞ്ഞെടുപ്പു സാമഗ്രികൾ പോളിംഗ് സ്റ്റേഷനിലെത്തി ഏറ്റുവാങ്ങുന്നതോടെ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല കഴിയുമായിരുന്നു. ഇതാണ് ഉപതെരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ചത്.
എന്നാൽ, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പോളിംഗ് ഉദ്യോഗസ്ഥർ നേരത്തേ വിതരണ കേന്ദ്രത്തിലെത്തി സാധനങ്ങൾ ഏറ്റു വാങ്ങുകയും അതീവ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചു തിരിച്ചെത്തിക്കുകയും വേണം. ഇതുകഴിഞ്ഞു രാത്രിയോടെ മാത്രമേ വനിതകൾ അടക്കമുള്ള ഉദ്യോഗസ്ഥർക്കു മടങ്ങാനാകൂ.