കാട്ടാന ആക്രമണത്തിൽ വീട് തകർന്ന് വീട്ടമ്മയ്ക്കു പരിക്ക്
Tuesday, May 13, 2025 7:16 PM IST
കാലടി: മലയാറ്റൂർ ഇല്ലിത്തോടിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വീട് തകർന്നു. വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു.
ക്ഷീരകർഷകനായ ഇല്ലിത്തോട് സ്വദേശി പുലയിരുംകുടി ശശിയുടെ വീടിനുനേരേയാണ് തിങ്കളാഴ്ച രാത്രി 11 ഓടെ കാടിറങ്ങി വന്ന ആനകൾ ആക്രമണം നടത്തിയത്. വീടിന്റെ ഭിത്തി ഇടിഞ്ഞു ശശിയുടെ ഭാര്യ വിജിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു. പരിക്കേറ്റ വിജിയെ പോലീസും വനപാലകരും വാർഡ് മെംബർ ലിജിയും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
കൂട്ടമായി എത്തിയ ആനകളിൽ ഒന്നാണ് വീടിനുനേരേ തിരിഞ്ഞത്. വീട് തള്ളി മറിച്ചിടാനുള്ള ശ്രമത്തിനിടയിൽ വാതിലിന്റെ കട്ടിള ശശിയുടെ തലയിൽ വീണു. പിന്നാലെയാണ് മുൻഭാഗത്തെ ഭിത്തി ഇടിഞ്ഞുവീണത്. ഇതിനുശേഷം ആനകൾ പിൻവാങ്ങി. സംഭവമറിഞ്ഞ് എത്തിയ വനപാലകരും നാട്ടുകാരും ചേർന്ന് ശബ്ദമുണ്ടാക്കി ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചുവിട്ടു.
കാലങ്ങളായി ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. കാടിറങ്ങി വരുന്ന ആനകൾ പലപ്രാവശ്യം ആക്രമണമഴിച്ചുവിടുകയും കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.