ഓപ്പറേഷൻ സിന്ദൂർ; റിജാസിന്റെ കേരളത്തിലെ കേസുകളിലും അന്വേഷണം
Tuesday, May 13, 2025 7:17 PM IST
കൊച്ചി : "ഓപ്പറേഷന് സിന്ദൂറി’നെ വിമര്‍ശിച്ചതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ നാഗ്പുരില്‍ അറസ്റ്റിലായ മലയാളി റിജാസിനെതിരേ കേരളത്തിലുള്ള കേസുകളിലും അന്വേഷണം ആരംഭിച്ചു.
ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ ഇയാൾ ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം നാഗ്പുരിലെത്തിയപ്പോഴാണ് സുഹൃത്തിനൊപ്പം പിടിയിലായത്.
പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട തദ്ദേശവാസികളായ ഭീകരരുടെ കാഷ്മീരിലെ വീടുകള്‍ തകര്‍ത്തതിൽ കൊച്ചി പനമ്പിള്ളിനഗറില്‍ പ്രതിഷേധിച്ചതിന് റിജാസ് അടക്കം പത്തുപേര്‍ക്കെതിരേ ഏപ്രില്‍ അവസാനം എറണാകുളം സൗത്ത് പോലീസ് കേസെടുത്തിരുന്നു. അനുമതിയില്ലാതെയുള്ള സംഘംചേരല്‍ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
യഹോവസാക്ഷികള്‍ നടത്തിയ കണ്‍വന്‍ഷനിടെയുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തില്‍പ്പെട്ട യുവാക്കളെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തുവെന്ന റിപ്പോര്‍ട്ടിന്റെ പേരിലും റിജാസിനെതിരേ നേരത്തേ കേസെടുത്തിരുന്നു. വടകര പോലീസാണ് അന്നു കേസെടുത്തത്.
തമ്മനം സ്വദേശിയായ ഡൊമിനിക് മാര്ട്ടിന് പ്രതിയായ ബോംബ് സ്ഫോടനത്തില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും നാഗ്പുര്‍ പോലീസും ഇയാളുടെ കൊച്ചി എളമക്കരയ്ക്കടുത്തുള്ള കീര്‍ത്തി നഗറിലെ വീട്ടില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.
രാജ്യത്തിനെതിരേ യുദ്ധം ചെയ്യല്‍, കലാപാഹ്വാനം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.