സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം കലവൂരിൽ
Thursday, May 15, 2025 1:09 AM IST
തിരുവനന്തപുരം: സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജൂണ്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനതല ഉദ്ഘാടനം എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തണമെന്നും സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തിനു ശേഷമാകണം സ്കൂൾതല പ്രവേശനോത്സവവും ജില്ലാതല പ്രവേശനോത്സവവും നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഈ വർഷത്തെ ടൈംടേബിൾ തയാറാക്കുമ്പോൾ കലാ-കായിക-സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾക്കു സമയം ലഭിക്കത്തക്ക രൂപത്തിൽ വേണം തയാറാക്കേണ്ടത്. ഈ മാസം 27ന് ഡിഡിമാർ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകണമെന്നും മന്ത്രി നിർദേശിച്ചു.
ആത്മഹത്യാ പ്രവണതയ്ക്കെതിരേ ബോധവത്കരണം, ടെലി കോണ്‍ഫറൻസിംഗ്, പരീക്ഷപ്പേടി സംബന്ധിച്ച പരിപാടികളുടെ ഉദ്ഘാടനം തുടങ്ങിയവ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കും.