കളമശേരി സ്ഫോടനക്കേസ്: സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണിസന്ദേശം
Thursday, May 15, 2025 1:09 AM IST
കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരേ സാക്ഷി പറയാന്‍ മുന്നോട്ടു വരുന്നവരെ വധിക്കുമെന്ന് ഭീഷണിസന്ദേശം.
മലേഷ്യന്‍ ഫോണ്‍ നമ്പറില്‍നിന്ന് യഹോവസാക്ഷികളുടെ കേരളത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറായ നോര്‍ത്ത് കളമശേരി സ്വദേശി ശ്രീകുമാറിനാണ് തിങ്കളാഴ്ച രാത്രി 9.57ന് വാട്സ്ആപ് സന്ദേശം എത്തിയത്.
കളമശേരി സ്ഫോടനമാതൃകയില് യഹോവസാക്ഷികളുടെ കേരളത്തിലെ എല്ലാ കണ്‍വന്‍ഷനുകളിലും ആരാധനയിടങ്ങളിലും ബോംബുവച്ച് തകര്‍ക്കുമെന്നും ഭീഷണിസന്ദേശത്തില്‍ പറയുന്നുണ്ട്. സംഭവത്തില്‍ മതസ്പര്‍ധയുണ്ടാക്കല്‍, കൊല്ലുമെന്ന് ഭീഷണിമുഴക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കളമശേരി പോലീസ് കേസെടുത്തു.
സന്ദേശമെത്തിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ പോലീസിന്റെ സഹായത്തോടെ വിശദമായ അന്വേഷണം ആരംഭിച്ചു.
യഹോവസാക്ഷികളുടെ ആലുവയിലെ മന്ദിരത്തിലും കേരളത്തിലുടനീളം നടക്കുന്ന പ്രാർഥനാ കണ്‍വൻഷനുകളിലും ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ആദ്യസന്ദേശം. യഹോവസാക്ഷികളെ കേരളത്തില്‍നിന്ന് ഉന്മൂലനം ചെയ്യുമെന്നും ഡൊമിനിക് മാര്‍ട്ടിനെതിരേ സാക്ഷി പറയാന്‍ ആരെങ്കിലും വന്നാല്‍ വധിക്കുമെന്നും വീണ്ടും സന്ദേശമെത്തി.
ഈ വിവരം എല്ലാവരെയും അറിയിക്കാനാണ് പിആര്‍ഒയുടെ നമ്പറിലേക്കുതന്നെ സന്ദേശം അയച്ചതെന്നും സന്ദേശമെത്തിയ നമ്പറില്‍നിന്ന് അറിയിച്ചതായി ശ്രീകുമാര്‍ പറഞ്ഞു. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഡൊമിനിക് മാര്‍ട്ടിനെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യംചെയ്തേക്കും.
2023 ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു യഹോവസാക്ഷികളുടെ മേഖലാ കണ്വന്ഷന് നടന്ന കളമശേരി സാമ്ര കണ്വന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായത്.
ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ എട്ടുപേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ 24ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. സംഭവത്തിൽ ഏക പ്രതിയാണ് ഡൊമിനിക് മാര്ട്ടിന്.