പാലക്കാട്ട് അടച്ചിട്ട വീട്ടിൽനിന്ന് 30 ലക്ഷത്തിന്റെ സ്വർണം കവര്‍ന്നു
Thursday, May 15, 2025 1:19 AM IST
പാലക്കാട്: നഗരത്തിലെ കൽമണ്ഡപത്തു വൻമോഷണം. പ്രതിഭാനഗർ ശിവദാസിന്റെ വീട്ടിൽനിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണംപോയി.
ശിവദാസനും കുടുംബവും തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രസന്ദർശനത്തിന് രണ്ടുദിവസംമുൻപാണു പോയത്. വീട് വൃത്തിയാക്കുന്നതിനും മറ്റും വേലക്കാരിയെ ഏല്പിച്ചിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെ വേലക്കാരി സമീപത്തെ വീട്ടിൽനിന്നു താക്കോൽ വാങ്ങി വാതിൽ തുറക്കാൻ എത്തിയപ്പോഴാണ് വീടിന്റെ മുൻഭാഗം പൊളിച്ചിട്ടനിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിയിച്ചതിനെത്തുടർന്നെത്തിയ കസബ പോലീസ് ബന്ധുക്കളുടെ സഹായത്തോടെ അകത്തുകയറിപ്പോഴാണു മോഷണം നടന്നതായി കണ്ടെത്തിയത്. പോലീസിനു ലഭിച്ച സിസിടിവി ദൃശ്യത്തിൽ മുഖംമറച്ച് എത്തിയ ഒരാൾ മതിൽ ചാടി മുൻവശത്തെ വാതിൽ പൊളിച്ചുമാറ്റുന്നതു വ്യക്തമാണ്.
മോഷണത്തിനുപിന്നിൽ ഒരാളെന്നാണു നിഗമനം. പോലീസ് ഡോഗ് സ്വകാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സിസിടിവി ദൃശ്യത്തിന്റെയും സൈബർ സെല്ലിന്റെയും സഹായത്തോടെ പ്രതിയെ പിടികൂടുന്നതിനു കസബ പോലീസ് അന്വേഷണം ഊർജിതമാക്കി.
സമീപത്തെ രണ്ടു വീടുകളിൽ ഇന്നലെ മോഷണശ്രമവും നടന്നു. ഈ വീടുകൾ മാസങ്ങളായി പൂട്ടിക്കിടക്കുകയാണ്.