ഫോര്‍ട്ട്കൊച്ചിയില്‍നിന്നു കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി
Thursday, May 15, 2025 1:19 AM IST
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയില്‍നിന്നു കാണാതായ മൂന്നു കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി. തമ്പാനൂർ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ഇവരെ പോലീസ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ 10.30 മുതലാണ് സഹോദരങ്ങളായ രണ്ടുപേരടക്കം മൂന്നു കുട്ടികളെ ഫോര്‍ട്ട്കൊച്ചി ലാസര്‍ മാര്‍ക്കറ്റിന് സമീപത്തുനിന്ന് കാണാതായത്. രണ്ടുപേര്‍ പത്താം ക്ലാസിലും ഒരാള്‍ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്.
വീട്ടില്‍നിന്ന് 3000 രൂപയുമായാണ് ഇവര്‍ പോയത്. തങ്ങളെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും ഒരു ഗോഡൗണില്‍ അടച്ചിടുകയും പിന്നീട് അവിടെനിന്നു രക്ഷപ്പെടുകയായിരുന്നുവെന്നും തിരുവനന്തപുരത്ത് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നുമാണ് കുട്ടികള്‍ പോലീസിനു നല്കിയ മൊഴി. എന്നാല്‍ പോലീസ് ഇതു വിശ്വാസത്തിലെടുത്തിട്ടില്ല.
കുട്ടികള്‍ ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് ബോട്ടില്‍ യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഫോര്‍ട്ട്കൊച്ചി പോലീസ് തമ്പാനൂര്‍ പോലീസിന് അയച്ചുനല്‍കിയിരുന്നു. കുട്ടികളെ ഇന്നലെ രാത്രിയോടെ ഫോര്ട്ട്കൊച്ചിയിലെത്തിച്ചു.