അവശ്യഘട്ടത്തിൽ കേന്ദ്രസർക്കാരിന്റെ പിന്തുണ ലഭിച്ചില്ലെന്നു മുഖ്യമന്ത്രി
Thursday, May 15, 2025 1:19 AM IST
തൃശൂർ: കേരളത്തിന് അവശ്യഘട്ടത്തിൽപോലും കേന്ദ്രസർക്കാരിന്റെ പിന്തുണ ലഭിച്ചില്ലെന്നും പ്രത്യേക വികസനപദ്ധതികൾ വരുന്പോൾ ഒരുവിഭാഗം ആളുകൾ വികസനവിരുദ്ധ നിലപാടുകൾ സ്വീകരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ജില്ലാതലയോഗത്തിൽ ആമുഖപ്രഭാഷണം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും എല്ലാ മേഖലയിലും നല്ലനിലയ്ക്കുള്ള പുരോഗതി നേടി. കേരളത്തിന്റെ വികസനം ഉറപ്പാക്കുന്നതിൽ സർക്കാരിനോടൊപ്പം പൂർണമായും സഹകരിക്കാൻ കേന്ദ്ര ഗവണ്മെന്റിനു ബാധ്യതയുണ്ട്. പക്ഷേ, നമ്മുടെ അനുഭവം നേർവിപരീതമായിരുന്നു.
ഒരു രാജ്യത്തിന്റെ വികസനം എന്നാൽ ഓരോ പ്രദേശത്തിന്റെയും വികസനമാണ്. എന്നാൽ, കേരളം എന്ന പ്രദേശത്തെ കണ്ടില്ല എന്നു നടിക്കുകയാണ് കേന്ദ്രം. ഓഖി, നിപ, പ്രളയം, കോവിഡ് എന്നിവ അടക്കമുള്ള നിരവധി പ്രതിസന്ധികൾ തരണംചെയത് മുൻനിരയിൽ എത്തിയ കേരളത്തെ കേന്ദ്രം കൈയൊഴിഞ്ഞുവെന്നുമാത്രമല്ല, കേരളത്തെ സഹായിക്കുവാൻ സന്മനസുകാട്ടിയ മറ്റു രാജ്യങ്ങളെ പിന്തിരിപ്പിക്കുവാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ വേതനം വായ്പാ ഇനത്തിൽ സർക്കാരിനു നൽകുവാൻ തയാറായപ്പോൾ കോണ്ഗ്രസും യുഡിഎഫും അതിനെ ശക്തമായി എതിർക്കുകയാണ് ചെയ്തത്. സാന്പത്തികമായി സഹായിക്കാതെ ബിജെപി കേരളത്തെ ഞെരിച്ചുകൊല്ലുകയാണ്.
വികസനവിരുദ്ധരുടെ ആരോപണങ്ങളെല്ലാം അതിജീവിച്ച് മുന്നോട്ടുപോകുവാൻ എൽഡിഎഫിനു സാധിച്ചുവെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എംഎൽഎമാരായ യു.ആർ. പ്രദീപ്, എ.സി. മൊയ്തീൻ, കെ.കെ. രാമചന്ദ്രൻ, പി. ബാലചന്ദ്രൻ, വി.ആർ. സുനിൽകുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, ഇ.ടി. ടൈസണ്, മുരളി പെരുനെല്ലി, എൻ.കെ. അക്ബർ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.