നേതൃത്വത്തിനു വെല്ലുവിളിയുയർത്തി കെ. സുധാകരൻ
Friday, May 16, 2025 1:59 AM IST
റെനീഷ് മാത്യു
കണ്ണൂർ: കോൺഗ്രസ് ദേശീയ നേതൃത്വത്തോടും ഹൈക്കമാൻഡിനോടും പൂർണമായും അതൃപ്തി പ്രകടിപ്പിച്ചായിരുന്നു മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഇന്നലെ രാവിലെ മാധ്യമങ്ങളുടെ മുന്നിലെത്തിയത്. ഉച്ചയോടെ വീണ്ടും മാധ്യമങ്ങളുടെ മുന്നിലെത്തിയപ്പോൾ അതൃപ്തി കുറഞ്ഞെങ്കിലും തന്നെ അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയതിലുള്ള അതൃപ്തിയിൽ കുറവ് വന്നിരുന്നില്ല.
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റിയത് ശരിയായില്ലെന്ന നിലപാടിൽ തന്നെയായിരുന്നു സുധാകരൻ. കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനെതിരേയുള്ള വെല്ലുവിളിയായിരുന്നു സുധാകരന്റെ വാക്കുകൾ.
താനൊന്നു വിരൽ ഞൊടിച്ചാൽ പ്രതികരിക്കുന്ന ആയിരക്കണക്കിന് അണികൾ തന്റെ പിന്നിലുണ്ടെന്നു പറഞ്ഞ സുധാകരൻ, ദേശീയ നേതാക്കൾക്കെതിരേ രൂക്ഷവിമർശനമാണ് ഉയർത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ സംഘടനാചുമതലയുള്ള ദീപാ ദാസ് മുൻഷി എന്നിവരെല്ലാം സുധാകരന്റെ വിമർശനത്തിന്റെ ചൂടറിഞ്ഞു.
ദീപാ ദാസ് മുൻഷി തനിക്കെതിരേ സമർപ്പിച്ച റിപ്പോർട്ടിനു പിന്നിൽ കെ.സി. വേണുഗോപാലാണെന്നു പറയുന്ന രീതിയിലായിരുന്നു സുധാകരൻ. കെ.സി. വേണുഗോപാലുമായി രാഷ്ട്രീയ ചർച്ചകളൊന്നും നടത്താറില്ലെന്നും രാഷ്ട്രീയ ചർച്ചകൾക്ക് അദ്ദേഹത്തിനു താത്പര്യമില്ലെന്നും വ്യക്തമാക്കുന്നുണ്ട്. തന്നെ മാറ്റിയതിനു പിന്നിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ചിലരുടെ വക്രബുദ്ധിയാണെന്നും സുധാകരൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് വരെ അധ്യക്ഷപദവി തുടരാമെന്നു മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉറപ്പുനല്കിയതായി സുധാകരൻ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തുന്നതിനിടെ സുധാകരനെ മാറ്റിയതാണ് ഏറെ പ്രകോപിതനാക്കിയതെന്നും ശരീരഭാഷയിൽനിന്നു വ്യക്തമാക്കുന്ന രീതിയിലായിരുന്നു പ്രതികരണങ്ങൾ.
പ്രവർത്തകസമിതിയംഗമാക്കിയെങ്കിലും കെ. സുധാകരന് ഇതുവരെ പ്രത്യേക ചുമതലകളൊന്നും നല്കിയിട്ടില്ല. ഇതിലെ അതൃപ്തിയും സുധാകരൻ വ്യക്തമാക്കുന്നുണ്ട്. കേരളത്തിന്റെ മുഴുവൻ ചുതലയും തനിക്ക് നല്കുമെന്നാണ് എഐസിസി പറഞ്ഞിരിക്കുന്നത്.
എന്നാൽ, പിന്നെ എന്തിനാണു തന്നെ കെപിസിസി അധ്യക്ഷപദവിയിൽനിന്നു മാറ്റിയതെന്നും സുധാകരനും ചോദിക്കുന്നു. കോൺഗ്രസ് പാർട്ടിക്ക് താനാരാണെന്നും സുധാകരൻ വെളിപ്പെടുത്തുന്നുണ്ട്.
താൻ പ്രവർത്തകരെ സ്നേഹിക്കുന്നതുപോലെ ഒരാളും പാർട്ടിയിൽ സ്നേഹിക്കില്ല. താൻ കുട്ടികൾക്കും പ്രവർത്തകർക്കും വേണ്ടി ഏതറ്റം വരെയും പോകും. ആ നന്ദി അവർ തന്നോട് കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുധാകരന്റെ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കെ. സുധാകരന്റെ സമ്മതത്തോടെയാണു കെപിസിസി നേതൃമാറ്റം നടന്നതെന്നായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും വിശദീകരണം.
എന്നാൽ, തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണു തന്നെ നേതൃസ്ഥാനത്തുനിന്നു മാറ്റിയതെന്നുള്ള സുധാകരന്റെ പ്രതികരണമാണു നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.