ഡോ. പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി
Tuesday, March 19, 2019 12:26 AM IST
പനാജി: ഗോവ സ്പീക്കർ ഡോ. പ്രമോദ് സാവന്ത്(45) ഗോവയുടെ അടുത്ത മുഖ്യമന്ത്രിയാകും. ഇന്നലെ രാത്രിയായിരുന്നു പ്രഖ്യാപനം. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് സുദിൻ ധവാലിക്കർ, ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായി എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. ആയുർവേദ ഡോക്ടറായ പ്രമോദ് സാവന്ത് സാൻക്വെലിം മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്.
ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മറ്റു മുതിർന്ന നേതാക്കൾ എന്നിവർ ഇന്നലെ പനാജിയിൽ നടത്തിയ ചർച്ചയിലാണു സാവന്തിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തോടെ ഗോവ നിയമസഭയുടെ അംഗബലം 36 ആയി ചുരുങ്ങി. കോണ്ഗ്രസിന് 14 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 12 പേരുണ്ട്. എംജിപിക്കും ഗോവ ഫോർവേഡ് പാർട്ടിക്കും മൂന്ന് അംഗങ്ങൾ വീതമുണ്ട്. ഒരു സ്വതന്ത്രനും എൻസിപി എംഎൽഎയും ബിജെപിയെ പിന്തുണയ്ക്കുന്നു.
സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ച് ഇന്നലെ 14 കോൺഗ്രസ് എംഎൽഎമാർ ഗവർണർ മൃദുല സിൻഹയെ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ഗവർണറെ കണ്ടത്. പക്ഷേ, കോൺ ഗ്രസിന്റെ ആവശ്യം അം ഗീകരിച്ചില്ല.
2017ലെ തെരഞ്ഞെടുപ്പിൽ ഗോവയിൽ കോൺഗ്രസിലെ 17 പേർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിജെപിക്ക് 13 പേരാണുണ്ടായിരുന്നത്. മൂന്നു കോൺഗ്രസ് എംഎൽഎമാർ നിയമസഭാംഗത്വം രാജിവച്ച് ബിജെപിയിൽ ചേർന്നു. ഇതിൽ വിശ്വജിത് റാണെ വീണ്ടും മത്സരിച്ച് എംഎൽഎയായി. അതോടെ ബിജെപിക്ക് 14 അംഗങ്ങളായി. മുഖ്യമന്ത്രി മനോഹർ പരീക്കറും ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസയും അന്തരിച്ചതോടെ ബിജെപിയുടെ സംഖ്യ 12 ആയി കുറഞ്ഞു. ബിജെപിയിൽ ചേർന്ന രണ്ടു കോൺഗ്രസ് എംഎൽഎമാരുടെയും ഫ്രാൻസിസ് ഡിസൂസയുടെയും മണ്ഡലങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്.