പീഡനപരാതി: ബിനോയിയുടെ ഹർജി രണ്ടു വർഷത്തേക്കു നീട്ടി
Wednesday, October 16, 2019 12:58 AM IST
മുംബൈ: ബിഹാർ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് രണ്ടുവർഷത്തേക്ക് നീട്ടി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നുമാണ് ബിഹാർ സ്വദേശിനിയുടെ പരാതി. കുട്ടിക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നു. മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലാണ് ബിനോയിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുംബൈ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി 2021 ജൂൺ മാസത്തിലേക്കു മാറ്റിയത്. കേസിൽ ഡിഎൻഎ പരിശോധനാഫലം ലഭിക്കാൻ വൈകുമെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഡിഎൻഎ പരിശോധനാഫലം ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. ഡിഎൻഎ പരിശോധന നടത്തുന്ന ലാബിൽ നേരത്തേയുള്ള ഒട്ടേറെ കേസുകളുടെ പരിശോധന നടക്കാനുണ്ടെന്നും അതിനാൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധനാഫലം ലഭിക്കാൻ താമസമുണ്ടാകുമെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം.