രാഷ്ട്രീയ അടവു നയത്തിൽ മാറ്റം വേണ്ടെന്നു സിപിഎം
Saturday, October 23, 2021 11:59 PM IST
ന്യൂഡൽഹി: ഹൈദരാബാദ് പാർട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ അടവു നയത്തിൽ മാറ്റം വേണ്ടെന്ന നിലപാടിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം. എന്നാൽ, ഈ നയത്തിൽ മാറ്റം വേണമെന്നായിരുന്നു കേരളത്തിൽ നിന്നുള്ള നേതാക്കൾ ആവശ്യം ഉന്നയിച്ചിരുന്നത്.
ബിജെപിയെ എതിർക്കാൻ മതേതര കക്ഷികളുമായി യോജിക്കാമെന്ന നിലപാടിൽ മാറ്റം വേണ്ടെന്നാണ് ഇപ്പോഴുള്ള നിലപാട്. രാഷ്ട്രീയ പ്രമേയത്തിൻ മേൽ നടന്ന ചർച്ചയിൽ കോണ്‍ഗ്രസുമായി ധാരണ ആകാമെന്ന അഭിപ്രായമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നത്. സഖ്യം ചേരാവുന്ന എല്ലാ മതേതര കക്ഷികളുമായും ചേർന്നു നിൽക്കണമെന്ന അഭിപ്രായമാണ് പൊതുവേ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കിടയിൽ ഉണ്ടായത്.
എന്നാൽ, കോണ്‍ഗ്രസിന്റെ കൈ പിടിക്കുന്നതിലുള്ള എതിർപ്പ് ഇക്കുറിയും കേരളം ശക്തമായി തന്നെ ഉന്നയിച്ചു. ബംഗാളിലെ അനുഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസുമായി കൂട്ട് ചേരുന്നത് തിരിച്ചടിയാകുമെന്നാണ് സഖ്യത്തെ എതിർക്കുന്നവർ വാദിച്ചത്. കേന്ദ്ര കമ്മിറ്റിയിൽ നടക്കുന്ന ചർച്ചകൾക്കു ശേഷം പിന്നീട് പോളിറ്റ് ബ്യൂറോ യോഗത്തിലായിരിക്കും കരട് രാഷ്ട്രീയ അടവ് നയത്തിന് അന്തിമ രൂപം നൽകുന്നത്.