മണിപ്പുരിൽ കലാപത്തിനു ശമനമില്ല; മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ഖാർഗെ
സ്വന്തം ലേഖകൻ
Thursday, September 28, 2023 5:49 AM IST
ന്യൂഡൽഹി: മണിപ്പുരിൽ കലാപം ശമിക്കാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വടക്കു-കിഴക്കൻ സംസ്ഥാനമായ മണിപ്പുർ ബിജെപി കാരണം യുദ്ധഭൂമിയായി മാറിയതായും സ്ത്രീകൾക്കും കുട്ടികൾക്കും നേരേ ക്രൂര ആക്രമണങ്ങളാണു നടക്കുന്നതെന്നും ഖാർഗെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കാണാതായ രണ്ടു കുട്ടികൾ കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിനെത്തുടർന്ന് സിംഗ്ജാമെയി മേഖലയിൽ സുരക്ഷാസൈന്യവും പ്രദേശവാസികളും തമ്മിൽ സംഘർഷം ഉടലെടുത്തിട്ടുണ്ട്.
പ്രതിഷേധക്കാർക്കുനേരേ സുരക്ഷാസൈന്യം ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
മേയ് മൂന്നുമുതൽ തുടരുന്ന കലാപം അമർച്ച ചെയ്യാൻ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണം നടത്തുന്ന ബിജെപിക്കായിട്ടില്ല. 147 ദിവസമായി മണിപ്പുരിലെ ജനങ്ങൾ ദുരിതത്തിലാണ്. പക്ഷേ, ആ സംസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രി തയാറായിട്ടില്ല. വിദ്യാർഥികൾക്കുനേരേയുള്ള ക്രൂരകൃത്യങ്ങൾ രാജ്യത്തെ വീണ്ടും ഞെട്ടിച്ചു.
കഴിവില്ലാത്ത മുഖ്യമന്ത്രിയെ തത്സ്ഥാനത്തുനിന്നു നീക്കുകയാണു ചെയ്യേണ്ടത്. പ്രശ്നം പരിഹരിക്കാനുള്ള ആദ്യനടപടി അതാണ്- ഖാർഗെ എക്സിൽ കുറിച്ചു. മണിപ്പുരിലെ പ്രശ്നപരിഹാരത്തിനായി ആദ്യം സർക്കാരിനെയും മുഖ്യമന്ത്രിയെയും മാറ്റണമെന്നു കോണ്ഗ്രസ് നേതാവ് പി. ചിദംബരവും ആവശ്യപ്പെട്ടു.