പാക് പ്രകോപനം തുടർന്നാൽ നിലംപരിശാക്കും
Friday, May 9, 2025 4:19 AM IST
ഡൽഹി: പാക്കിസ്ഥാൻ പ്രകോപനം തുടർന്നാൽ കൂടുതൽ ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ഡൽഹിയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് ഇന്ത്യയുടെ സുരക്ഷയ്ക്കായി ഏതറ്റം വരെയും നടപടികളെടുക്കാൻ തീരുമാനിച്ചത്.
ഇന്ത്യൻ സൈനികകേന്ദ്രങ്ങൾക്കു നേരേ പാക്കിസ്ഥാൻ ആക്രമണം നടത്തിയതു തടുക്കാനായെങ്കിലും കൂടുതൽ പ്രകോപനം പ്രതീക്ഷിക്കുന്നതിനാൽ വിപുലമായ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി (സിഡിഎസ്) അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർപ്രീത് സിംഗ്, നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവരുമായാണു പ്രധാനമന്ത്രി ഇന്നലെ വിശദമായ കൂടിക്കാഴ്ച നടത്തിയത്.
ഏതു സാഹചര്യവും നേരിടാൻ രാജ്യം തയാറാണെന്ന് സൈനിക മേധാവികൾ വ്യക്തമാക്കി. ഏപ്രിൽ 22ലെ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങളും വരുംദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന സംഭവവികാസങ്ങളും ഉന്നതതല യോഗം വിലയിരുത്തി.
പ്രധാനമന്ത്രിയുടെ വസതിയിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവുമായും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായും പ്രധാനമന്ത്രി മോദി വിശദമായ കൂടിയാലോചനകൾ നടത്തി. സൈനിക, പ്രതിരോധ നടപടികൾക്കു പുറമെ പാക്കിസ്ഥാന്റെ നുണപ്രചാരണങ്ങളെ ചെറുക്കുന്നതിനു വസ്തുതകൾ ലോകത്തെ അറിയിക്കാനും നയതന്ത്രപരമായ ഇടപെടലുകൾ ശക്തിപ്പെടുത്താനും ഇന്ത്യ നടപടികളാരംഭിച്ചു.
ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക് മന്ത്രിയുടെ പ്രസ്താവന അടക്കം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ വസ്തുതകൾ ലോകത്തെ അറിയിക്കാൻ വിപുലമായ പ്രചാരണം ആവശ്യമായിട്ടുണ്ട്.
വിവിധ സേനാ വിഭാഗങ്ങൾ, രഹസ്യാന്വേഷണ ഏജൻസികൾ, മന്ത്രാലയങ്ങൾ തുടങ്ങിയവയുടെ ഏകോപനം കാര്യക്ഷമമാക്കാനും സെക്രട്ടറിതല യോഗത്തിൽ പ്രധാനമന്ത്രി മോദി നിർദേശം നൽകിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സെക്രട്ടറിമാരുമായി ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ദേശീയ തയാറെടുപ്പും വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനവും പ്രധാനമന്ത്രി അവലോകനം ചെയ്തു.
കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം, വിവര, പ്രക്ഷേപണം, വൈദ്യുതി, ആരോഗ്യം, ടെലികമ്യൂണിക്കേഷൻസ് എന്നിവയുൾപ്പെടെ പ്രധാന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു.
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരായ ആക്രമണം ശക്തിപ്പെടുത്തുന്പോഴും മുഴുസമയ യുദ്ധം ഒഴിവാക്കാൻ പരമാവധി ശ്രമിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക് ഷെല്ലാക്രമണത്തിൽ അതിർത്തിയിലെ പൂഞ്ചിൽ 13 പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ജനവാസ മേഖലകൾക്കു നേരേ തുടരുന്ന ആക്രമണങ്ങളിൽനിന്നു സാധാരണ ജനങ്ങളെ രക്ഷിക്കാനുള്ള നടപടികൾ വേഗത്തിലാക്കി.
അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിത ക്യാന്പുകളിലേക്കു മാറ്റിയിട്ടുണ്ട്. അതിർത്തി ജില്ലകളിലെ ഇരുപത്തഞ്ചോളം വിമാനത്താവളങ്ങൾ നാളെ വരെ അടച്ചിട്ടതു നീട്ടാനും സാധ്യതയുണ്ട്. ഉയർന്നുവരുന്ന എല്ലാത്തരം സാഹചര്യങ്ങളെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ഇതിനിടെ, പാക്കിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, കോസ്റ്റ് ഗാർഡിന്റെ തയാറെടുപ്പുകൾ അവലോകനം ചെയ്യാൻ കോസ്റ്റ് ഗാർഡ് കമാൻഡറും ഈസ്റ്റേണ് സീബോർഡ് അഡീഷണൽ ഡയറക്ടർ ജനറലുമായ ഡോണി മൈക്കിൾ ഇന്നലെ ബംഗാളിലെ ഹാൽദിയയിലുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആസ്ഥാനം സന്ദർശിച്ചു.
ഹാൽദിയയിലെ പ്രവർത്തന തയാറെടുപ്പ്, അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങളുടെ പുരോഗതി, പ്രവർത്തന പരിപാലന സൗകര്യങ്ങളുടെ സാങ്കേതിക വിലയിരുത്തൽ, പരിശീലന സജ്ജീകരണം എന്നിവ അദ്ദേഹം അവലോകനം ചെയ്തു.