അങ്കത്തട്ടിലേറി ഇന്ത്യൻ നിർമിത "സൂയിസൈഡ് ഡ്രോണുകൾ’
Friday, May 9, 2025 4:19 AM IST
ന്യൂഡൽഹി: സ്കാൾപ് ക്രൂസ് മിസൈലിനും ഹാമർ പ്രിസിഷൻ ബോംബുകൾക്കുമൊപ്പം ഇന്ത്യ തദ്ദേശീയമായി നിർമിച്ച സ്കൈ സ്ട്രൈക്കർ സൂയിസൈഡ് ഡ്രോണുകളും ഓപ്പറേഷൻ സിന്ദൂരിൽ സൈന്യത്തിന്റെ ആവനാഴിയിലെ കരുത്തുറ്റ ആയുധങ്ങളായി.
ലക്ഷ്യം കൃത്യമായി ലോക്ക് ചെയ്ത് ആക്രമിക്കാൻ ശേഷിയുള്ള സ്കൈ സ്ട്രൈക്കർ ഡ്രോണുകൾ ഇസ്രയേലിലെ സൈനിക സാങ്കേതിക കന്പനിയുമായി കൈകോർത്തു ഇന്ത്യ തദ്ദേശീയമായി ബംഗളൂരുവിൽ നിർമിച്ചതാണ്. ഈ ഡ്രോണുകൾ യുദ്ധമുഖത്തെ ഇന്ത്യൻ സൈനികശേഷിയുടെ സാങ്കേതികമികവും തെളിയിക്കുന്നു.
ഇസ്രയേലിലെ എൽബിറ്റ് സെക്യൂരിറ്റി സിസ്റ്റംസുമായി ചേർന്ന് ബെംഗളൂരുവിലെ ആൽഫ ഡിസൈൻ വികസിപ്പിച്ചെടുത്തതാണ് സ്കൈ സ്ട്രൈക്കർ സൂയിസൈഡ് ഡ്രോണ്‍. 2021ൽ സൈന്യം ഒരു അടിയന്തര കരാറിലൂടെയാണ് ആൽഫ ഡിസൈനിൽനിന്ന് 100 സ്കൈ സ്ട്രൈക്കർ ഡ്രോണുകൾ കരസ്ഥമാക്കിയത്.
ആളില്ലാ വിമാനസംവിധാനം പോലെ പറക്കുന്ന സ്കൈ സ്ട്രൈക്കറുകൾ മിസൈൽ പോലെയാണ് ആക്രമണം നടത്തുന്നത്. ഇവയ്ക്ക് അഞ്ചു കിലോഗ്രാം ഭാരം വരെയുള്ള "വാർഹെഡുകൾ’ വഹിക്കാനുള്ള ശേഷിയും നൂറ് കിലോമീറ്റർ വരെ വ്യാപ്തിയിൽ കൃത്യതയോടെ ആക്രമണങ്ങൾ നടത്താനും സാധിക്കും.
കമിക്കാസെ ഡ്രോണുകൾ എന്നും എന്നറിയപ്പെടുന്ന ഇത്തരം സൂയിസൈഡ് ഡ്രോണുകൾ ചെലവ് കുറഞ്ഞതും നിശബ്ദമായി ആക്രമിക്കാൻ ശേഷിയുള്ളതുമാണ്.