‘അവശ്യവസ്തുക്കൾ പൂഴ്ത്തിവയ്ക്കരുത്’; മൊത്തവിതരണക്കാർക്കും വ്യാപാരികൾക്കും മുന്നറിയിപ്പ്
Saturday, May 10, 2025 2:04 AM IST
ന്യൂഡൽഹി: അവശ്യവസ്തുക്കൾ പൂഴ്ത്തിവയ്ക്കരുതെന്ന് മൊത്തവിതരണക്കാർക്കും വ്യാപാരികൾക്കും കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാനെതിരേയുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിലാണു നടപടി.
ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സംഭരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ സർക്കാർ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനാണു മുന്നറിയിപ്പ് നൽകിയതെന്നും വ്യക്തമാക്കി.
രാജ്യത്തെ ഭക്ഷ്യസാധനങ്ങളുടെ കരുതൽ സംബന്ധിച്ച വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നു കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യമന്ത്രി പ്രഹ്ലാദ് ജോഷി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ആവശ്യമായതിലും ഏറെ ഭക്ഷ്യവസ്തുക്കൾ സംഭരിച്ചിട്ടുണ്ട്. കച്ചവടക്കാരും മൊത്തവിതരണക്കാരും ചെറുകിട വ്യാപാരികളും നിയമപാലകരുമായി സഹകരിക്കണം.
അവശ്യവസ്തുക്കൾ നിയമവിരുദ്ധമായി സംഭരിക്കുന്നവർക്കെതിരേ നിയമനടപടികൾ ഉണ്ടാകും. 2024-25 വർഷത്തിൽ അരിയും ഗോതന്പും ധാന്യങ്ങളും ഉൾപ്പെടെ 341.55 മില്യൺ ടൺ ഉദ്പാദനമാണു ലക്ഷ്യമിട്ടിരുന്നത്.
ഉത്പാദനം ഇതിനകംതന്നെ 330.92 മില്യൻ ടണ്ണിലെത്തിക്കഴിഞ്ഞു. ആവശ്യമായതിന്റെ ഇരട്ടി അളവിൽ ഗോതന്പും സംഭരിച്ചിട്ടുണ്ടെന്നു മന്ത്രി വ്യക്തമാക്കി.