മഴക്കാലം റോഡ് സുരക്ഷയ്ക്ക് വെല്ലുവിളികൾ ഉയർത്തുന്നു. കാഴ്ചക്കുറവ്, വഴുക്കുന്ന റോഡുകൾ, വെള്ളക്കെട്ടുകൾ, വാഹന തകരാറുകൾ തുടങ്ങി നിരവധി ഘടകങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നു. അതിനാൽ മഴക്കാലത്ത് വാഹനമോടിക്കുന്പോൾ സാധാരണ ഡ്രൈവിംഗിൽനിന്ന് വ്യത്യസ്തമായ ജാഗ്രത ആവശ്യമാണ്.
►അക്വാപ്ലെയിനിംഗ്
റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ വാഹനം വേഗത്തിൽ സഞ്ചരിക്കുന്പോൾ ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. ഇതുമൂലം ടയറിന് റോഡുമായുള്ള സന്പർക്കം നഷ്ടപ്പെടുകയും വാഹനം വെള്ളത്തിന് മുകളിലൂടെ വഴുതിനീങ്ങുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ സ്റ്റിയറിംഗും ബ്രേക്കും ഫലപ്രദമായി പ്രവർത്തിക്കാതെ വരാം.
►വേഗ നിയന്ത്രണം
റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നതിനാൽ നനഞ്ഞ റോഡുകളിൽ ബ്രേക്കിംഗ് ദൂരം വർധിക്കും. സാധാരണയേക്കാൾ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുക. മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കുക. വളവുകൾ, പാലങ്ങൾ, റോഡ് മാർക്കിംഗുകൾ, സീബ്രാ ക്രോസിംഗുകൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം.
►ദൃശ്യത കുറയുമ്പോൾ
കനത്തമഴയിൽ കാഴ്ചപരിധി ഗണ്യമായി കുറയുന്നു. വിൻഡ്ഷീൽഡ് വൈപ്പറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുക. പകൽ സമയത്തും ലോ-ബീം ഹെഡ്ലൈറ്റുകള് ഉപയോഗിക്കുക. ഇത് മറ്റ് വാഹനങ്ങൾക്ക് നിങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കും.
►ബമ്പർ-ടു-ബമ്പർ ഡ്രൈവിംഗ്
മുന്നിലെ വാഹനത്തിന്റെ ടയറുകളിൽനിന്ന് തെറിക്കുന്ന വെള്ളം പിന്നിലുള്ള ഡ്രൈവറുടെ കാഴ്ച മറയ്ക്കുകയും റോഡ് വ്യക്തമായി കാണുന്നതിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ നനഞ്ഞ റോഡുകളിൽ ബ്രേക്കിംഗ് ദൂരം ഗണ്യമായി വർധിക്കുന്നതിനാൽ, മുന്നിലുള്ള വാഹനം പെട്ടെന്ന് നിർത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്താൽ അപകടസാധ്യത കൂടുന്നു.
►ഗ്ലാസിലെ മഞ്ഞ്
മഴക്കാലത്ത് വാഹനത്തിനുള്ളിലെയും പുറത്തെയും താപനില വ്യത്യാസം മൂലം ഗ്ലാസുകളിൽ മഞ്ഞ് രൂപപ്പെടാം. ഇത് കാഴ്ചയെ ബാധിക്കും. ഡീഫോഗർ, എയർ കണ്ടീഷ്ണർ, ഫ്രഷ് എയർ മോഡ് എന്നിവ ഉപയോഗിച്ച് ഗ്ലാസ് തെളിമയോടെ നിലനിർത്തുക.
►വെള്ളക്കെട്ടിലൂടെ കടക്കുമ്പോൾ
വെള്ളക്കെട്ടിന്റെ ആഴത്തെക്കുറിച്ച് ബോധ്യമില്ലെങ്കില് അതിലൂടെ വാഹനം ഓടിക്കുന്നത് ഒഴിവാക്കണം. അഥവാ കടക്കേണ്ടിവന്നാൽ താഴ്ന്ന ഗിയറിൽ സ്ഥിരമായ വേഗതയിൽ സഞ്ചരിക്കുക. വെള്ളക്കെട്ടിലൂടെ അതിവേഗത്തിൽ പോകുന്നത് വാഹനത്തിന്റെ എൻജിനിലേക്കും ഇലക്്ട്രിക്കൽ സംവിധാനങ്ങളിലേക്കും വെള്ളം കയറാൻ കാരണമാകും.
►ക്രൂയ്സ് കണ്ട്രോൾ ഓഫ് ചെയ്യുക
ആധുനിക വാഹനങ്ങളിലെ ക്രൂയ്സ് കണ്ട്രോൾ സംവിധാനം ദീർഘദൂര യാത്രകളിൽ സൗകര്യപ്രദമാണെങ്കിലും മഴക്കാലത്ത് അത് ഒഴിവാക്കുന്നതാണ് ഉചിതം. വെള്ളക്കെട്ടുകളിലൂടെയോ വഴുക്കുന്ന റോഡുകളിലൂടെയോ സഞ്ചരിക്കുന്പോൾ ഡ്രൈവറുടെ പൂർണ നിയന്ത്രണം വാഹനത്തിലുണ്ടായിരിക്കണം.
കാഴ്ച പൂർണമായും മറയുന്ന തരത്തിൽ മഴ പെയ്യുകയാണെങ്കിൽ യാത്ര തുടരരുത്. സുരക്ഷിതമായ സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് മഴയുടെ ശക്തി കുറയുന്നതുവരെ കാത്തിരിക്കുക. മരച്ചുവട്ടിലോ വൈദ്യുത ലൈനുകൾക്ക് സമീപമോ വാഹനം നിർത്തുന്നത് ഒഴിവാക്കണം.
അടുത്ത ഭാഗം: മഴക്കാല യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കുക...
Tags : Slippery roads be careful not slip vehicle drive