തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ "പുനർഗേഹം' തീരദേശ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയിൽ നിർമിച്ച "പ്രത്യാശ' ഫ്ലാറ്റ് സമുച്ചയത്തിലെ 332 ഫ്ലാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കടലാക്രമണ ഭീഷണിയിൽ ജീവിതം ദുസ്സഹമായ തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതവും മാന്യവുമായ താമസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭവനസമുച്ചയം നിർമിച്ചത്. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. നാടമുറിച്ച ശേഷം മുഖ്യമന്ത്രി ഫ്ലാറ്റുകൾ സന്ദർശിച്ചു.
മലപ്പുറം ജില്ലയിലെ താനൂരിൽ നിർമിച്ച 16 ഫ്ലാറ്റുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ഓരോ ഫ്ലാറ്റിലും ഇരിപ്പുമുറി, ഭക്ഷണമുറി, രണ്ട് കിടപ്പുമുറികൾ, ശൗചാലയം, അടുക്കള എന്നിവയാണ് ഉൾപ്പെടുന്നത്.
ഒരു ഫ്ലാറ്റിന്റെ നിർമാണച്ചെലവ് ഏകദേശം 20 ലക്ഷം രൂപയ്ക്ക് മുകളിലാണ്. വൈദ്യുതി, കുടിവെള്ളം, റോഡ്, ഡ്രെയിനേജ്, നടപ്പാത, ചുറ്റുമതിൽ തുടങ്ങിയ എല്ലാ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മന്ത്രിമാരായ വി. ശിവൻകുട്ടി, വി.എൻ. വാസവൻ, ജെ. ചിഞ്ചുറാണി, എംഎൽഎ ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ഫിഷറീസ് വകുപ്പ് സ്പെഷൽ സെക്രട്ടറി ബി. അബ്ദുൾ നാസർ, ഫിഷറീസ് ഡയറക്ടർ വി. ചെൽസാസിനി, ജില്ലാ കളക്ടർ അനുകുമാരി, ശാന്തഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.