നിലന്പൂർ: നിലന്പൂർ ബൈപാസ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കലിൽ നഷ്ടപരിഹാരത്തിന്സ്പെഷൽ പാക്കേജ് നടപ്പാക്കാൻ പൊതുമരാമത്ത് മന്ത്രിയെ സമീപിക്കാൻ ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ നേതൃത്വത്തിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന പൊതുമരാമത്ത് പ്രവൃത്തി അവലോകന യോഗത്തിൽ തീരുമാനം.
30 വർഷം മുന്പ് ബൈപാസിന് ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്പോൾ കെട്ടിടങ്ങളുടെ കാലപ്പഴക്കം കണക്കാക്കി കുറവ് വരുത്തുന്നതിനെതിരേയാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സമീപിക്കുന്നത്.
12 വർഷത്തെ പലിശയും ആവശ്യപ്പെടും. നിലന്പൂർ ബൈപാസിന് 227 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതിൽ ആദ്യഘട്ട പൂർത്തീകരണത്തിന് 35 കോടിയും ഭൂമി ഏറ്റെടുക്കലിന് 40 കോടി രൂപയുമാണ് ആവശ്യപ്പെടുന്നത്.
ബൈപാസ് റോഡിനായി മണ്ണിട്ട സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടായി സമീപവാസികൾക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയാത്തത്തിന് പരിഹാരം കാണും. എടക്കര ബൈപാസ് റോഡിന്റെ രണ്ടാംഘട്ട നിർമാണത്തിന് സാങ്കേതികാനുമതിക്കായുള്ള നടപടി വേഗമാക്കും. രണ്ടുകോടി രൂപയാണ് അനുവദിച്ചട്ടുള്ളത്.
ചന്തക്കുന്നിൽ നിന്ന് വെളിയംതോട് വരെ സിഎൻജി റോഡ് ഉയർത്തി വെളിയംതോടിൽ വെള്ളക്കെട്ടില്ലാതെ അഞ്ച് കോടി രൂപ ചെലവിൽ നവീകരിക്കും. നിലന്പൂർ വെളിയംതോട് മുതൽ വഴിക്കടവ് വരെ 15 കിലോമീറ്ററിൽ സിഎൻജി പാത നവീകരിക്കുന്നതിനും ചുങ്കത്തറ, എടക്കര, വഴിക്കടവ് നഗര സൗന്ദര്യവത്കരണത്തിനുമായി കേന്ദ്ര റോഡ് ഫണ്ട് സഹായം ലഭിക്കാൻ പ്രിയങ്കാഗാന്ധി എംപി വഴി കേന്ദ്ര സർക്കാരിനെ സമീപിക്കാനും തീരുമാനിച്ചു.
പൊതുമരാമത്ത് വകുപ്പ് നിലന്പൂർ നഗരസഭയിൽ നിന്ന് ഏറ്റെടുത്ത തൃക്കൈകുത്ത് പാലം അപ്രോച്ച് റോഡ് 1.80 കോടി ചെലവിട്ട് പുനർനിർമിക്കും. ഗതാഗതം ദുഷ്കരമായ അപ്രോച്ച് റോഡിലെ കുഴികളടയ്ക്കും.
നിലന്പൂരിൽ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷൻ, വനംവകുപ്പ് ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവയുടെ സ്ഥലം ഏറ്റെടുക്കും. ഇവിടെ 25 ലക്ഷം രൂപ ചെലവിട്ട് മതിൽ പണിത് നൽകും. നിലന്പൂർ നഗരസഭ, ചുങ്കത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏനാന്തി പാലത്തിന്റെ നിർമാണം വേഗമാക്കും.
മുണ്ടേരി ഉൾവനത്തിലെ വാണിയന്പുഴ, ഇരുട്ടുകുത്തി, തരിപ്പപൊട്ടി, കുന്പളപ്പാറ ഉന്നതികളെ ബന്ധിപ്പിക്കുന്ന ഇരുട്ടുകുത്തി പാലംപണി മാർച്ചിൽ പൂർത്തീകരിക്കും. ഇരുട്ടുകുത്തി- കുന്പളപ്പാറ, വാണിയന്പുഴ-തരിപ്പപൊട്ടി പാലങ്ങളുടെ ഡിസൈൻ തയാറാക്കി ഉടൻ എസ്റ്റിമേറ്റ് സമർപ്പിക്കും.
വഴിക്കടവ് പഞ്ചായത്തിൽ പുന്നപ്പുഴയ്ക്ക് കുറുകെയുള്ള പുഞ്ചകൊല്ലി പാലത്തിന് ഉടൻ ഭരണാനുമതി ലഭിക്കാൻ സർക്കാരിനെ സമീപിക്കാനും തീരുമാനിച്ചു.
എടക്കര ആയുർവേദ ആശുപത്രിക്ക് 2.20 കോടി രൂപ ചെലവിൽ കെട്ടിടം പണിയും. പൂക്കോട്ടുംപാടം, വെണ്ടേക്കുംപൊട്ടി, മുണ്ടേരി സ്കൂളുകളുടെ കെട്ടിടം പണി വേഗമാക്കും. നിലന്പൂരിൽ 17.50 കോടി രൂപയുടെ പുതിയ കോർട്ട് കോംപ്ലക്സിന് ഭരണാനുമതിയായി.
യോഗത്തിൽ പിഡബ്ല്യുഡി കെട്ടിട വിഭാഗം എക്സിക്യുട്ടിവ് എൻജിനിയർ കെ. മുഹമ്മദ് ഇസ്മായിൽ, എ.ഗോപിനാഥൻ, എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, കെആർഎഫ്ബി എഇ സി.ടി. മുഹസിൻ, റോഡ് വിഭാഗം എഇ സി. അനീഷ്, കെട്ടിട വിഭാഗം എഇ വി. സുബൈർ, പാലങ്ങളുടെ വിഭാഗം എഇ ടി.ആർ. ജിതിൻ, പി. ലസിത, എൻ.വാസു, എം.ജി. ഹരിദാസ് (വാട്ടർ അഥോറിറ്റി), കെ.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.