സ്വ​ച്ഛ് സ​ര്‍​വേ​ക്ഷ​ന്‍ സ​ര്‍​വേ : കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നും പ​യ്യോ​ളി ന​ഗ​ര​സ​ഭ​ക്കും നേ​ട്ടം
Friday, July 18, 2025 5:17 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര പാ​ര്‍​പ്പി​ട ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ശു​ചി​ത്വ സ​ര്‍​വേ​യാ​യ സ്വ​ച്ഛ് സ​ര്‍​വേ​ക്ഷ​ന്‍ 2024ല്‍ ​മി​ക​ച്ച നേ​ട്ട​വു​മാ​യി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നും പ​യ്യോ​ളി ന​ഗ​ര​സ​ഭ​യും.

രാ​ജ്യ​ത്തെ 4,852 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ 70-ാം റാ​ങ്കി​ലെ​ത്തി. 2023ല്‍ 3,367 ​ആ​യി​രു​ന്നു കോ​ര്‍​പ​റേ​ഷ​ന്‍റെ സ്ഥാ​നം. 2016 മു​ത​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​വ​രു​ന്ന സ​ര്‍​വേ​യി​ല്‍ 1000ത്തി​ല്‍ താ​ഴെ റാ​ങ്കി​ലേ​ക്ക് കേ​ര​ള​ത്തി​ലെ ഒ​രു ന​ഗ​ര​സ​ഭ​യും ഇ​തു​വ​രെ എ​ത്തി​യി​രു​ന്നി​ല്ല.

"ഗാ​ര്‍​ബേ​ജ് ഫ്രീ ​സി​റ്റി' വ​ണ്‍ സ്റ്റാ​ര്‍ റാ​ങ്കി​ങ്ങി​ല്‍ സം​സ്ഥാ​ന​ത്തു​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 ന​ഗ​ര​ങ്ങ​ളി​ല്‍ പ​യ്യോ​ളി ന​ഗ​ര​സ​ഭ​യും ഇ​ടം പി​ടി​ച്ചു.

ആ​ദ്യ​മാ​യാ​ണ് സ​ര്‍​വേ​ക്ഷ​നി​ലെ പ്ര​ധാ​ന ഘ​ട​ക​മാ​യ ഗാ​ര്‍​ബേ​ജ് ഫ്രീ ​സി​റ്റീ​സ് സ്റ്റാ​ര്‍ റേ​റ്റി​ങ്ങി​ല്‍ സം​സ്ഥാ​ന​ത്തെ ന​ഗ​ര​സ​ഭ​ക​ള്‍ സ്ഥാ​നം പി​ടി​ക്കു​ന്ന​ത്. സ്വ​ച്ഛ് സ​ര്‍​വേ​ഷ​നി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം 3,707-ാം റാ​ങ്കി​ലാ​യി​രു​ന്ന പ​യ്യോ​ളി ഇ​ത്ത​വ​ണ 596-ാം സ്ഥാ​ന​ത്തെ​ത്തി.

2024 സ​ര്‍​വേ​ക്ഷ​നി​ല്‍ കൂ​ടു​ത​ല്‍ മി​ക​വ് പു​ല​ര്‍​ത്താ​നാ​യി ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ ന​ഗ​ര​സ​ഭ​ക​ളി​ലും സ്വ​ച്ഛ് സ​ര്‍​വേ​ക്ഷ​ന്‍ പ്രീ ​അ​സ​സ്മെ​ന്‍റ് ന​ട​ത്തി​യി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ച്ച​തും റാ​ങ്കി​ല്‍ മു​ന്നേ​റാ​ന്‍ സ​ഹാ​യ​ക​മാ​യി.