ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് ഇ​ടു​ക്കി​യി​ൽ പോ​ളിം​ഗ് ഇ​ടി​ഞ്ഞു
Sunday, April 28, 2024 3:38 AM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ ഇ​ടി​വ് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ജ​യ​പ​രാ​ജ​യം സം​ബ​ന്ധി​ച്ചു​ള്ള ക​ണ​ക്കു​ക്കൂ​ട്ട​ലു​ക​ൾ തെ​റ്റി​ക്കു​മോ? തെ​ര​ഞ്ഞെ​ടു​പ്പി​നെത്തു​ട​ർ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി​പ്ര​വ​ർ​ത്ത​ക​രും ത​ല​പു​ക​ഞ്ഞ് ആ​ലോ​ചി​ക്കു​ന്ന​തും ഇ​തു ത​ന്നെ​യാ​ണ്.

പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ ഇ​ടി​വ് ത​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളെ​ങ്കി​ലും അതോടൊ​പ്പം ആ​ശ​ങ്ക​യു​മു​ണ്ട്. ത​ങ്ങ​ൾ​ക്ക് വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും.

ഇ​ത്ത​വ​ണ ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 66.55 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലി​ത് 76.34 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് 9.79 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2014-ൽ 70.08 ​ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ ഇ​ത്ര​യും കു​റ​വു​ണ്ടാ​കു​ന്ന​ത്.

ക​ടു​ത്ത ചൂ​ടും നാ​ട്ടി​ൽനി​ന്നു പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി വി​ദേ​ശ​ത്തേ​ക്ക് കു​ട്ടി​ക​ൾ പോ​യ​തു​മാ​ണ് പോ​ളിം​ഗ് ശ​ത​മാ​നം കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് മു​ന്ന​ണി​ക​ളു​ടെ പൊ​തു​വേ​യു​ള്ള വി​ല​യി​രു​ത്ത​ൽ.

ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വാ​ണ് ഇ​ക്കു​റി ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. കോ​ത​മം​ഗ​ല​ത്ത് കൂ​ടി​യ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് ന​ട​ന്നി​ട്ടു​ള്ള​ത്.

കോ​ത​മം​ഗ​ലം, ഉ​ടു​ന്പ​ൻ​ചോ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട പോ​ളിം​ഗു​ണ്ടാ​യി. കാ​ർ​ഷി​ക, തോ​ട്ടം മേ​ഖ​ല​ക​ളാ​യ ദേ​വി​കു​ളം, പീ​രു​മേ​ട്, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ളിം​ഗ് കു​റ​ഞ്ഞ​ത് ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും ക​ണ​ക്കു​കൂ​ട്ട​ലു​ക​ളി​ൽ വി​ള്ള​ൽ വീ​ഴാ​ൻ കാ​ര​ണ​മാ​യേ​ക്കും.

ചൂ​ടേ​റി​യ പ്ര​ചാ​ര​ണ​വും ഫ​ലം ക​ണ്ടി​ല്ല

തൊ​ടു​പു​ഴ: ഇ​ടു​ക്കി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹൈ​റേ​ഞ്ചി​നെ അ​പേ​ക്ഷി​ച്ച് ലോ ​റേ​ഞ്ചി​ൽ പോ​ളിം​ഗ് ശ​ത​മാ​നം നേ​രി​യ തോ​തി​ൽ ഉ​യ​ർ​ന്നു. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഹൈ​റേ​ഞ്ചി​ലെ കാ​ർ​ഷി​ക, തോ​ട്ടം മേ​ഖ​ല​ക​ളി​ലെ വോ​ട്ടു​ക​ളാ​യി​രു​ന്നു മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും നി​ർ​ണാ​യ​ക ഘ​ട​കം. ഈ ​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ കൃ​ത്യ​ത പു​ല​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ഇ​ത്ത​വ​ണ കാ​ർ​ഷി​ക തോ​ട്ടം മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ദേ​വി​കു​ളം, പീ​രു​മേ​ട്, ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ൽ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞു. ഇ​തു മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യെ​ന്നാ​ണ് സൂ​ച​ന. കാ​ർ​ഷി​ക മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന തൊ​ടു​പു​ഴ​യി​ലും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യി.

ഹൈ​റേ​ഞ്ചി​ലെ ബു​ത്തു​ക​ളി​ൽ രാ​വി​ലെ മെ​ച്ച​പ്പെ​ട്ട പോ​ളിം​ഗ് ന​ട​ന്നെ​ങ്കി​ലും ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം ന​ന്നേ കു​റ​ഞ്ഞു. തോ​ട്ട​ങ്ങ​ളി​ൽ അ​വ​ധി​യാ​യി​ട്ടു കൂ​ടി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വു സം​ഭ​വി​ച്ചു. തോ​ട്ടം, കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ലെ പു​തുത​ല​മു​റ വോ​ട്ടെ​ടു​പ്പി​ൽ കാ​ര്യ​മാ​യി പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തും പോ​ളിം​ഗ് ശ​ത​മാ​നം കു​റ​യ്ക്കാ​നി​ട​യാ​ക്കി.

ദേ​വി​കു​ളം അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ 1,07,427 പേ​രാ​ണ് വോ​ട്ടു ചെ​യ്ത​ത്. 1,66,678 ആ​യി​രു​ന്നു ആ​കെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം. ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ ആ​കെ​യു​ള്ള 1,69,950 വോ​ട്ട​ർ​മാ​രി​ൽ 1,16,439 പേ​രാ​ണ് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പീ​രു​മേ​ട്ടി​ൽ 1,76,767 വോ​ട്ട​ർ​മാ​രി​ൽ 1,15,861 പേ​ർ മാ​ത്ര​മാ​ണ് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കാ​ർ​ഷി​ക മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ ആ​കെ​യു​ള്ള 1,86,522 വോ​ട്ട​ർ​മാ​രി​ൽ 1,18,366 പേ​രാ​ണ് വോ​ട്ടു ചെ​യ്ത​ത്. ജി​ല്ല​യി​ൽ ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​തും ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ലാ​ണ്. ലോ ​റേ​ഞ്ചാ​യ തൊ​ടു​പു​ഴ​യി​ൽ ആ​കെ​യു​ള്ള 1,91,618 വോ​ട്ട​ർമാരിൽ 1,25,621 പേരാണ് വോട്ട് ചെയ്തത്.

മൂ​വാ​റ്റു​പു​ഴ​യി​ൽ ആ​കെ 1,87,234 വോ​ട്ട​ർ​മാ​രി​ൽ 1,28,189 പേ​രു​മാ​ണ് വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. കോതമംഗലം മണ്ഡലത്തിൽ ആകെയുള്ള 1,71,388 വോട്ടർമാരിൽ 1,20,043 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്.

ക​ന​ത്ത വേ​ന​ൽ​ച്ചൂ​ടി​നി​ട​യി​ലും ഇ​ത്ത​വ​ണ ആ​വേ​ശ​ക​ര​മാ​യ പ്ര​ചാ​ര​ണം മൂ​ന്നു മു​ന്ന​ണി​ക​ളും കാ​ഴ്ച വ​ച്ചു. കൂ​ടാ​തെ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ ബൂ​ത്തു​ക​ളി​ലെ​ത്തി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി​യും മ​റ്റും പ​ര​സ്യ​പ്ര​ചാ​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. എ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ പേ​രെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​ക്കാ​ൻ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​യി​ല്ല.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 9,19,035 വോ​ട്ട് പോ​ൾ ചെ​യ്ത സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ 8,31,741 ആ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ വോ​ട്ടു​ശ​ത​മാ​ന​ത്തി​ലെ കു​റ​വ് ത​ങ്ങ​ളു​ടെ വി​ജ​യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് മു​ന്ന​ണി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ബൂ​ത്തും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി യു​ഡി​എ​ഫ്

വ​ണ്ണ​പ്പു​റം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വ​ണ്ണ​പ്പു​റം ടൗ​ണി​ൽ യു​ഡി​എ​ഫ് താ​ത്കാ​ലി​ക​മാ​യി ത​യാ​റാ​ക്കി​യ ബൂ​ത്ത് ഓ​ഫീ​സും പ​രി​സ​ര​വും വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി.

പോ​സ്റ്റ​റു​ക​ളും ഒ​ഴി​ഞ്ഞ വെ​ള്ള​ക്കു​പ്പി​ക​ളും ശേ​ഖ​രി​ച്ച് ഹ​രി​ത ക​ർ​മ​സേ​ന​യ്ക്ക് കൈ​മാ​റി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ൽ​ബ​ർ​ട്ട് ജോ​സ്, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ റ​ഷീ​ദ് തോ​ട്ടു​ങ്ക​ൽ, സു​ബൈ​ദ സു​ബൈ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​രി​ച്ച​ത്.