തൊടുപുഴ: മുട്ടം, കരിങ്കുന്നം, കുടയത്തൂർ പഞ്ചായത്തുകളിൽ സമഗ്രമായ ശുദ്ധജല വിതരണം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മലങ്കര സന്പൂർണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിൽ. നബാർഡിന്റെയും ജലജീവൻ മിഷന്റെയും സഹായത്തോടെയാണ് പദ്ധതി. മലങ്കര ജലാശയത്തിൽ സ്ഥാപിച്ചിരിക്കുന്ന ആറു മീറ്റർ വ്യാസമുള്ള കിണറിൽനിന്നുള്ള വെള്ളം പെരുമറ്റത്ത് എംവിഐപിയുടെ സ്ഥലത്തു സ്ഥാപിച്ചിരിക്കുന്ന ജലശുദ്ധീകരണ ശാലയിലെത്തിച്ചു ശുദ്ധീകരിച്ച ശേഷം വിതരണം ചെയ്യുന്നതാണ് പദ്ധതി.
മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്ന് ഉത്പാദന ശേഷം മലങ്കര ജലാശയത്തിലേക്ക് പുറന്തള്ളുന്ന ജലമാണ് ശുദ്ധീകരണ പ്ലാന്റിൽ ഉപയോഗിക്കുന്നത്. മാത്തപ്പാറയിലെ നിലവിലുള്ള പന്പ്ഹൗസ് നിലനിർത്തി പുതിയമോട്ടോറുകൾ സ്ഥാപിച്ച് പ്രതിദിനം 11 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള ശുദ്ധീകരണശാലയിലേക്ക് എത്തിക്കും. ഇലക്ട്രിക്കൽ, മെക്കാനിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. 93 മീറ്റർ നീളമുള്ള സംരക്ഷണ ഭിത്തിയും പൂർത്തിയായി.
നബാർഡിൽനിന്നു ലഭിച്ച 18.67 കോടിയാണ് ചെലവഴിച്ചത്. ഗാർഹിക കുടിവെള്ള കണക്ഷനുകൾ ഇല്ലാത്ത പ്രദേശങ്ങൾ ഉൾപ്പെടുത്തി നിലവിലുള്ള പദ്ധതിയുടെ പുനരുദ്ധാരണത്തിനു വേണ്ടിജലജീവൻ മിഷൻ വഴി മുട്ടം, കരങ്കുന്നം പഞ്ചായത്തിന് 85.62 കോടിയും കുടയത്തൂർ പഞ്ചായത്തിന് 39.56 കോടിയും ചെലവഴിച്ചാണ് സന്പൂർണ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുന്നത്.
കുടിവെള്ളം ലഭ്യമാകുന്നത് ഏഴായിരം വീടുകളിൽ
പദ്ധതി തുടങ്ങുന്പോൾ മുട്ടം പഞ്ചായത്തിൽ പുതുതായി 1297, കരിങ്കുന്നം പഞ്ചായത്തിൽ-2450, കുടയത്തൂർ-3013 ഗാർഹിക കുടിവെള്ള കണക്ഷനുകളുമാണ് നിലവിൽ വരുന്നത്. മുട്ടം കരിങ്കുന്നം, കുടയത്തൂർ പഞ്ചായത്തുകളിൽ 248 കിലോമീറ്റർ നീളത്തിലുള്ള വിതരണ ശൃംഖലകൾ സ്ഥാപിക്കുന്ന ജോലിയും നടക്കുന്നുണ്ട്.
മുട്ടം പഞ്ചായത്തിലെ കാക്കൊന്പ്, എള്ളുംപുറം, കുരിശുപാറ, കോച്ചേരിമല, കണ്ണാടിപ്പാറ, മാത്തപ്പാറ, കൊല്ലംകുന്ന്, വള്ളിപ്പാറ എന്നീ പ്രദേശങ്ങളിൽ നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ എട്ട് ജലസംഭരണികളും കരിങ്കുന്നം പഞ്ചായത്തിലെ പൊന്നന്താനം, മറ്റത്തിപ്പാറ, എടപ്പുറംകുന്ന്, വടക്കുംമുറി, പെരുങ്കോവ്, നെല്ലാപ്പാറ, വെള്ളംനീക്കിപാറ എന്നീ പ്രദേശങ്ങളിൽ നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ ഏഴ് ജലസംഭരണികളും കുടയത്തൂർ പഞ്ചായത്തിലെ കൈപ്പ, കൂവപ്പള്ളി, അടൂർമല, മോർക്കാട് ബൂസ്റ്റർ-1, മോർക്കാട് ബൂസ്റ്റർ-2, കൂവപ്പള്ളി ടോപ്പ്, മോർക്കാട് ടോപ്പ് എന്നിവിടങ്ങളിലെ ഏഴ് ടാങ്കുകളും വഴി ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ടാങ്ക് നിർമാണം
കുടയത്തൂർ ബ്ലൈൻഡ് സ്കൂളിന് സമീപമുള്ള 2.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. വിവിധ സംഭരണശേഷിയുള്ള ടാങ്കുകളായ മോർക്കാട് ബൂസ്റ്റർ 1, കൈപ്പ, അടൂർമല, മോർക്കാട് ടോപ്പ് എന്നിവയുടെ നിർമാണം നടക്കുന്നുണ്ട്. കുടയത്തൂർ പഞ്ചായത്തിലെ വിവിധ ടാങ്ക് സൈറ്റുകൾക്കായി സംരക്ഷണ ഭിത്തികളുടെ നിർമാണവും പുരോഗമിക്കുന്നു. അടുത്ത വർഷം മേയിൽ പദ്ധതി തീർക്കുകയാണ് ലക്ഷ്യം.