ദു​ര​ന്ത വാ​ർ​ഷി​കദി​ന​ത്തി​ൽ പ്രാ​ർ​ഥ​ന​ക​ളോ​ടെ പെ​ട്ടി​മു​ടി
Wednesday, August 6, 2025 11:51 PM IST
മൂ​ന്നാ​ർ: അ​ഞ്ചു വ​ർ​ഷം മു​ന്പു ന​ട​ന്ന ദു​ര​ന്ത​ത്തി​ന്‍റെ ഓ​ർ​മ​ദി​ന​ത്തി​ൽ പെ​ട്ടി​മു​ടി പ്രാ​ർ​ഥ​നാ മു​ഖ​രി​ത​മാ​യി. മ​ഹാ​ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ഉ​റ്റ​വ​രു​ടെ ഓ​ർ​മ​ക​ളു​മാ​യി ബ​ന്ധു​ക്ക​ൾ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി പ്രാ​ർ​ഥ​ന​ക​ള​ർ​പ്പി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട മ​ത​നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മരിച്ച​വ​രെ സം​സ്ക​രി​ച്ച സ്ഥ​ല​ത്തു ത​ന്നെ​യാ​യി​രു​ന്നു പ്രാ​ർഥ​ന​ ന​ട​ന്ന​ത്.

ക​ന്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മാ​ത്യു ഏ​ബ്രാ​ഹം ശ​വ​കു​ടീ​ര​ത്തി​ൽ സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. രാ​ജ​മ​ല​യി​ൽ സെ​ന്‍റ് തെ​രേ​സാ​സ് പള്ളിയിൽ മ​രി​ച്ച​വ​ർ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. രാ​ഷ‌്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പേ​ർ പെ​ട്ടി​മു​ടി​യി​ൽ എ​ത്തി. മ​രി​ച്ച​വ​രു​ടെ ത​മി​ഴ്നാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ബ​ന്ധു​ക്ക​ളുംഎ​ത്തി​യി​രു​ന്നു.

2020 ഓ​ഗ​സ്റ്റ് ആ​റി​നു രാ​ത്രി പെ​ട്ടി​മു​ടി​യി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ 70 പേ​രു​ടെ ജീ​വ​നു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി പ്രാ​ർ​ഥ​ന​ ന​ട​ത്തു​ന്പോ​ഴും അപകടത്തിൽപ്പെട്ടവരെ കണ്ടുകിട്ടാതെ നാ​ലു കു​ടും​ബ​ങ്ങ​ൾ ഇ​ന്നും തോ​രാ​ത്ത ക​ണ്ണീ​രു​മാ​യി ക​ഴി​യു​ന്നു​ണ്ട്.