കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് ശേഖരിച്ച മാലിന്യം പൊതുവഴിയിൽ കൂട്ടിയിട്ടിരിക്കുന്നതുമൂലം നാട്ടുകാരും പ്രദേശവാസികളും പകർച്ചവ്യാധി ഭീതിയിൽ. കരിമ്പ പഞ്ചായത്തിന്റെ കല്ലടിക്കോട് ഭാഗത്തുള്ള 3,4,5,6,7,8,9 വാർഡുകളിലെ പ്ലാസ്റ്റിക്കുകൾ, വസ്ത്രങ്ങൾ, കുപ്പികൾ, തെർമോകോൾ, ചെരിപ്പുകൾ തുടങ്ങിയവയാണ് കല്ലടിക്കോട് ടിബി കവലയ്ക്കു സമീപത്തെ വാട്ടർടാങ്കിനും ലൈബ്രറിക്കും സമീപം കൂട്ടിയിട്ടിരിക്കുന്നത്.
മഴ പെയ്തതോടെ വെള്ളംകയറി നശിക്കാനും തെരുവ്നായ്ക്കൾ വലിച്ച് റോഡിലേക്ക് ഇടാനും തുടങ്ങിയിട്ടുണ്ട്. ഇറിഗേഷന്റെ ഓഫീസിലേക്കും ജലസേചനവകുപ്പിന്റെ ക്വാർട്ടേഴ്സിലേക്കും സമീപത്തെ വായനശാലയിലേക്കും പോകുന്നവർ മൂക്കുപൊത്തിയാണ് കടന്നുപോകുന്നത്.
പഞ്ചായത്തിന്റെ 15 കിലോമീറ്റർ അപ്പുറത്തുള്ള കാരാകുർശി പഞ്ചായത്തിൽ നിപ്പ വ്യാപിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ഓരോ വാർഡിലേയും ഓരോ വീട്ടിൽനിന്നും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നതിന് മാസം 50 രൂപ സേവനനികുതിയായി പിരിക്കുന്നുണ്ട്.
ഒരു വാർഡിൽ ഏകദേശം 400 വീടുകളാണുള്ളത്. ഒരുവാർഡിൽ നിന്നു ഒരു മാസം ഈ ഇനത്തിൽ ഫീസായി 20000 രൂപയാണ് പഞ്ചായത്തിന് കിട്ടുക.17 വാർഡുള്ള കരിമ്പ പഞ്ചായത്തിന് ഒരു മാസം ശരാശരി 3,40,000 രൂപ ഈ ഇനത്തിൽ ലഭിക്കുമ്പോഴാണ് നിരുത്തരവാദിത്വത്തോടെ പെരുമാറുന്നത്. 1, 11, 12, 13,14, 15, 16, 17 വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങൾ ഇടക്കുർശിയിലെ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സിലാണ് സൂക്ഷിക്കുന്നത്.
അവിടെയും സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ വരാന്തയിലും കോണിപ്പടിയിലും ആണ് വെച്ചിട്ടുള്ളത്. ഇവിടെ തെരുവ്നായ്ക്കളുടെ കിടപ്പിടമാണ്. നായകളെ പേടിച്ച് ആരും അവിടേയ്ക്ക് പോകാറില്ല. കട നടത്തിയിരുന്നവരും റൂമുകൾ ഒഴിഞ്ഞുപോകാൻ തുടങ്ങിയിട്ടുണ്ട്.