പാലക്കാട്: ക്ഷീര വികസന വകുപ്പിന്റെ 2025-2026 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾക്കായി അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
www.ksheerasree.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. പുൽകൃഷി വികസനം, മിൽക്ക് ഷെഡ് വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി എന്നിവയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പുൽകൃഷി വികസന പദ്ധതിയിൽ 20 സെന്ററിന് മുകളിലുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോളക്കൃഷി, പുൽകൃഷിക്ക് വേണ്ടിയുള്ള യന്ത്രവത്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവ ഉൾപ്പെടുന്നു.
മിൽക്ക് ഷെഡ് വികസന പദ്ധതിയിൽ ഡയറി ഫാമുകളുടെ ആധുനികവത്കരണവും യന്ത്രവത്കരണവും, കയർ മത്സ്യബന്ധന മേഖലകൾക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, 2 പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പശു യൂണിറ്റ് പദ്ധതികൾ, യുവജനങ്ങൾക്കായുള്ള പത്ത് പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിംഗ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമാണ ധനസഹായം എന്നിവയും ഉൾപ്പെടുന്നു.
കൂടാതെ ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്കും ഇതേ പോർട്ടൽ വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം.