അഗളി: അട്ടപ്പാടിയിലെ ഉന്നതികൾ കേന്ദ്രീകരിച്ച് സാക്ഷരതാ മിഷൻ നടപ്പാക്കിയ സന്പൂർണ സാക്ഷരതാ പദ്ധതിയിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സാക്ഷരതാ പരിപാടിയുടെ രണ്ടാംഘട്ട പ്രവർത്തന ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു.
കുടുംബശ്രീ, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി, ജില്ലാ പഞ്ചായത്ത്, കേരള സാക്ഷരതാ മിഷൻ പാലക്കാട് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സന്പൂർണ സാക്ഷരതാ പദ്ധതിയിൽ പരീക്ഷ എഴുതി വിജയിച്ച 1438 പേർക്കുള്ള സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. 2023ൽ കുടുംബശ്രീ സ്പെഷൽ പ്രൊജക്ടിന്റെ സഹായത്തോടെ സർവെ നടത്തി കണ്ടെത്തിയവരാണ് സാക്ഷരതാ പരീക്ഷ എഴുതിയത്.
ഇവർക്ക് ആനിമേറ്റർമാരുടെയും വോളന്ററി അധ്യാപകരുടെയും നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു. രണ്ടു വർഷത്തിനുള്ളിൽ ഉന്നതികളിൽ ബാക്കിയുള്ളവരെ കൂടി സാക്ഷരതരാക്കി തുല്യത പരീക്ഷക്ക് പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ (ഉല്ലാസ്) ഭാഗമായാണ് അട്ടപ്പാടിയിലെ ഉന്നതികൾ കേന്ദ്രീകരിച്ച് സാക്ഷരതാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി പഠിതാക്കൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.
അട്ടപ്പാടി വട്ട് ലക്കി ഫാമിംഗ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന സാക്ഷരതാ മിഷൻ സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലിജോ ജോർജ് അധ്യക്ഷനായി. അട്ടപ്പാടി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ബി.എസ്. മനോജ്, സാക്ഷരതാ മിഷൻ പാലക്കാട് അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പാർവതി, ജില്ലാ സാക്ഷരതാ സമിതി അംഗം വിജയൻ, കുടുംബശ്രീ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.ജെ ജോമോൻ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സജി തോമസ്, കുടുംബശ്രീ പഞ്ചായത് സമിതി പ്രസിഡന്റുമാരായ സരസ്വതി മുത്തുകുമാർ, സലീന ഷണ്മുഖം, അനിത ബാബു, തുളസിമണി, കുടുംബശ്രീ പഞ്ചായത്ത് സമിതി അംഗങ്ങൾ, ആനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് അധ്യാപകർ, സാക്ഷരതാ പ്രേരക്മാർ തുടങ്ങിയവർ പങ്കെടുത്തു.