തിരുവനന്തപുരം: കേരള ബാങ്ക് സ്വർണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നൽ നൽകി 22.12.2025 മുതൽ 31.03.2026 വരെ കാലാവധിയുള്ള പ്രത്യേക സ്വർണപ്പണയ വായ്പാ കാമ്പയിൻ ‘100 ഗോൾഡൻ ഡെയ്സ് 2.0’ തുടക്കം കുറിച്ചു.
കാമ്പയിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി. മോഹനൻ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.വി. രാജേഷ്, എക്സിക്യൂട്ടീവ് ഡയറക്ടർ റോയ് ഏബ്രഹാം, ചീഫ് ജനറൽ മാനേജർ എ. അനിൽകുമാർ, ജനറൽ മാനേജർമാർ എന്നിവർ സന്നിഹിതരായിരുന്നു.
കാന്പയിനിന്റെ മുന്നോടിയായി പ്രസിഡന്റ് മുഴുവൻ ജീവനക്കാരെയും വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. കാമ്പയിൻ കാലയളവിൽ ഒരു ലക്ഷം രൂപ വരെയുള്ള സ്വർണപ്പണയ വായ്പകൾക്ക് 100 രൂപയ്ക്ക് പ്രതിമാസ പലിശ വെറും 77 പൈസ മാത്രമായിരിക്കും. 2025 ഒക്ടോബർ 31ന് അവസാനിച്ച നൂറു ദിന സ്വർണപ്പണയ കാമ്പയിൻ വഴി കേരള ബാങ്കിന്റെ സ്വർണപ്പണയ വായ്പയിൽ 2701 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ എന്നിവ വളരെ ഉയർന്ന പലിശ ഈടാക്കുന്ന സാഹചര്യത്തിൽ കേരള ബാങ്ക് വളരെ ചുരുങ്ങിയ പലിശ നിരക്കിൽ സ്വർണവായ്പ നൽകുന്നത് ഇടപാടുകാർ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് പ്രസിഡന്റ് പി. മോഹനൻ അറിയിച്ചു.
Tags : Gold Loan Campaign 2.0’ Launched Kerala bank Gold Loan