തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികമുള്ള നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞതായി വ്യവസായ മന്ത്രി പി. രാജീവ്. ഇതിൽ 27,158 കോടി രൂപ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായും 55,000 കോടി രൂപ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് (ഐകെജിഎസ്) വഴിയും ഏകദേശം 15,000 കോടി രൂപ മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിലൂടെയും വന്ന നിക്ഷേപമാണ്. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ കേരളത്തിന് ലഭിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിന്റെ സംരംഭകവർഷം പദ്ധതിക്ക് പ്രധാനമന്ത്രിയുടെയും അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെയും (എഎസ്പിഎ) അംഗീകാരം ലഭിക്കുകയുണ്ടായി. മൂന്ന് സംരംഭകവർഷം കഴിഞ്ഞപ്പോൾ 4,06,606 പുതിയ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. ഇതിലൂടെ 27,158.64 കോടി നിക്ഷേപവും 8,66,162 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി.
സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ സുസ്ഥിര വളർച്ചയ്ക്കായി നടപ്പാക്കിയ മിഷൻ 1000, മിഷൻ 100000 പദ്ധതികൾ ശ്രദ്ധേയമാണ്. 6,677 കോടി രൂപയുടെ നിക്ഷേപം കിൻഫ്ര വഴി വന്നു. കെസ്വിഫ്റ്റ് ഏകജാലക ക്ലിയറൻസ് സംവിധാനം നടപ്പിലാക്കിയത് സംസ്ഥാനത്തെ വ്യവസായനിക്ഷേപ സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിന് സഹായകമായെന്നും മന്ത്രി വ്യക്തമാക്കി.
51 സ്വകാര്യ വ്യവസായ പാർക്കുകളിലൂടെ ഏകദേശം 560 ഏക്കർ സ്ഥലം കേരളത്തിന്റെ വ്യവസായ മേഖലയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഇതിൽ 10 എണ്ണം പ്രവർത്തനമാരംഭിച്ചു.
ഈ വർഷത്തെ കണക്കുകൾ പ്രകാരം 25 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലുള്ളത്.
വ്യവസായവാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കഐസ്ഐഡിസി എംഡിയും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ പി. വിഷ്ണുരാജ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ ബിപ്പ് സിഇഒ എസ്. സൂരജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Minister P. Rajiv Investment promises