കൊച്ചി: പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവഹണരംഗത്തെ പ്രവർത്തനങ്ങൾക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് ഉയർന്ന ഇഎസ്ജി റേറ്റിംഗ്. സെബിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി, കെയർഎഡ്ജ് ഏജൻസിയാണ് ഉയർന്ന റേറ്റിംഗായ 75.4 നൽകിയത്. കഴിഞ്ഞവർഷം 68.1 ആയിരുന്നു റേറ്റിംഗ്.
എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സാന്പത്തികസേവനങ്ങൾ നൽകുന്നതിൽ ഇസാഫ് ബാങ്ക് സ്ഥിരത പുലർത്തിയെന്ന് ഏജൻസി വിലയിരുത്തി. സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങൾക്ക് 82.6 റേറ്റിംഗ് ലഭിച്ചു.
അടിസ്ഥാനജനവിഭാഗങ്ങൾക്കുള്ള വായ്പാവിതരണം, സ്ത്രീകേന്ദ്രീകൃത സാന്പത്തിക ശക്തീകരണം എന്നിവയിലും മികവുപുലർത്തി.
ഉത്തരവാദിത്വ ബാങ്കിംഗ് പ്രവർത്തനങ്ങളോടും എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസന കാഴ്ചപ്പാടിനോടുമുള്ള ഇസാഫ് ബാങ്കിന്റെ പ്രതിബദ്ധതയാണ് ഉയർന്ന ഇഎസ്ജി റേറ്റിംഗിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ. പോൾ തോമസ് പറഞ്ഞു.