അന്തിക്കാട് കോൾ പാടശേഖരത്തിലെ വിളവെടുത്ത നെല്ല് ചാക്കിലാക്കി വാഹനത്തിൽ കയറ്റുന്നു.
അന്തിക്കാട്: വിളവെടുപ്പു പൂർത്തിയായ അന്തിക്കാട് കോൾ പാടശേഖരത്തിലെ 1100 ഏക്കർ നെൽപാടത്ത് ഇക്കുറി കർഷകർക്ക് നൂറുമേനി വിളവ് ലഭിച്ചു.
കൃഷി നേരത്തെ ഇറക്കാൻ കഴിഞ്ഞതും വാട്ടർ മാനേജ്മെന്റ് കുറ്റമറ്റതായതും കാലാവസ്ഥ അനുയോജ്യമായതുമാണ് സഹായകമായത്. ഒരു ഏക്കർ കൃഷിയിറക്കാൻ വിതയാണെങ്കിൽ കർഷകനു ചെലവ് വരുന്നത് ഏകദേശം 40,000 രൂപയും നടുകയാണെങ്കിൽ 45,000 രൂപയുമാണ്.
ഒരു ഏക്കർ കൃഷിയുള്ള കർഷകന് എല്ലാ ചെലവും കഴിച്ച് 50,000 രൂപയോളം ലാഭം ലഭിച്ചിട്ടുണ്ടെന്ന് അന്തിക്കാട് കോൾപാടശേഖര കമ്മിറ്റി പ്രസിഡന്റ് സെബി തട്ടിൽ, സെക്രട്ടറി വി. ശരത് എന്നിവർ പറഞ്ഞു. അടുത്തതവണ ഒരു മാസം മുന്പേ കൃഷിയിറക്കാൻ ശ്രമം നടക്കുന്നതായും അതു സാധ്യമായാൽ കൂടുതൽ വിളവ് ലഭിക്കുമെന്നും ഇരുവരും പറഞ്ഞു.
2025 നവംബറിൽ കൃഷിയിറക്കി 2026 മാർച്ചിൽ ആരംഭിച്ച വിളവെടുപ്പ് ഏപ്രിൽ അഞ്ചിന് അവസാനിച്ചു. പവിഴം, എടപ്പന, അന്ന, സെന്റ് ജോർജ് മില്ലുകളാണു നെല്ലെടുത്തത്.
Tags : 1100 acres nattuvishesham local news