ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.എം. ഷാജിയെ മാവേലി സ്വീകരിക്കുന്നു.
കൊല്ലം: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി സംസ്ഥാനത്തെ 50 ബഡ്സ് സ്കൂളുകളെ ‘മോഡല്‍ ബഡ്സ് സ്കൂളുകളായി ഉയര്‍ത്തുമെന്ന് മന്ത്രി കെ.എം. ഷാജി. ഈ സ്കൂളുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഇതിനായുള്ള പട്ടിക തയാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു സാംസ്കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ബഡ്സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബഡ്സ് സ്കൂളുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍വഹിക്കുന്ന ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. ഓട്ടിസം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പിന്തുണയ്ക്കുക എന്നത് സാമൂഹികമായ അനിവാര്യതയാണ്.
പ്രത്യേകിച്ച്, ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന അമ്മമാരുടെ കരുതലായി മാറാന്‍ ഇത്തരം സ്കൂളുകള്‍ക്ക് കഴിയുന്നു എന്നത് പരിഗണിക്കപ്പെടേണ്ടതാണ്.
തുച്ഛമായ ആനുകൂല്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ബഡ്സ് സ്കൂള്‍ അധ്യാപകര്‍ക്ക് ആവശ്യമായ പരിരക്ഷ നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലിംഗസമത്വത്തേക്കാള്‍ ഉപരിയായി ലിംഗ നീതിക്കാണ് പ്രാധാന്യം നല്‍കേണ്ടത്. സ്ത്രീകള്‍ പുരുഷന്മാരേക്കാള് മികച്ച ബുദ്ധിവൈഭവവും ബിസിനസ് പാടവവും ഉള്ളവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തിലെതന്നെ ഏറ്റവും മികച്ച വനിതാ ശാക്തീകരണ ശൃംഖലയായി കേരളത്തിലെ കുടുംബശ്രീയെ മാറ്റിയെടുക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. മേയര്‍ എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി വിഘനേശ്വരി പദ്ധതി വിശദീകരണം അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജി. സരസ്വതി/നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ഡിവിഷന് കൗണ്‍സിലര്‍ കുരുവിള ജോസഫ്, കുടുംബ ശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി. രാജ്, ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ ആര്. വിമല്‍ ചന്ദ്രന്, അസിസ്റ്റന്റ് മിഷന് കോ-ഓര്‍ഡിനേറ്റര്‍ എ.അനീസ എന്നിവര്‍ പ്രസംഗിച്ചു.