പ്രതീകാത്മക ചിത്രം
കൊല്ലം: ശൂരനാട് ഇലക്ട്രിക് വീല്‍ചെയറില്‍ സഞ്ചരിക്കുകയായിരുന്ന ഭിന്നശേഷിക്കാരനായ ജാസ്മീറിനെ ഇടിച്ച കാര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്തു.
ഡ്രൈവര്‍ക്കെതിരെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭിന്നശേഷി സംരക്ഷണ നിയമം, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് എന്നിവ പ്രകാരമാണ് കേസ്.
ഇലക്ട്രിക് വീല്‍ചെയറില്‍ പോകുകയായിരുന്ന ജാസ്മീറിനെ റോംഗ് സൈഡില്‍ വന്ന കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തില്‍ ഇദ്ദേഹത്തിന് മുഖത്തും ശരീരത്തിലും പരുക്കേറ്റിരുന്നു. അപകടം ചോദ്യം ചെയ്യാന്‍ എത്തിയ ജാസ്മീറിന്റെ ബന്ധു റിയാസിനെയും കാറിലുണ്ടായിരുന്നവര്‍ ക്രൂരമായി മര്‍ദിച്ചു.
അപകട സമയത്ത് കാര്‍ ഓടിച്ചത് മുസ്ലിം ലീഗ് നേതാവിന്റെ മകന് നാദിര്ഷായാണെന്നും ഇയാളെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. അപകടത്തിനിരയായ ഭിന്നശേഷിക്കാരന്റെ പരാതിയില്‍ ആദ്യഘട്ടത്തില്‍ നടപടിയെടുക്കാതിരുന്ന പോലീസ്, കാര്‍ ഓടിച്ച നാദിര്‍ഷായുടെ പരാതിയില്‍ എതിര്ഭാഗത്തിനെതിരേ കേസെടുത്തതും വിവാദമായിരുന്നു.
ദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവരികയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് ശൂരനാട് പോലീസ് ജാസ്മീറിന്റെ മൊഴി രേഖപ്പെടുത്തിയതും നടപടികളിലേക്ക് കടക്കുകയും ചെയ്തത്. ഇടിച്ചുവീഴ്ത്തിയതിനും അസഭ്യം പറഞ്ഞ് അധിഷേപിച്ചതിനും ഉള്‍പ്പടെയാണ് കേസെടുത്തത്.
Tags : Nattuvishesham DistrictNews DeepikaNews case